മലപ്പുറം: എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്കാണ് സനാതന ധർമ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംഘടിപ്പിക്കുന്ന സെമിനാർ. ക്യാംപസിൽ ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് എസ്എഫ്ഐ.
സംഘർഷസാധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് വലയത്തിലാണ് സർവകലാശാല ക്യാംപസ്. ഗവർണറുടെ സുരക്ഷ കണക്കിലെടുത്ത് സർവകലാശാലയുടെ പ്രധാന കവാടത്തിലൂടെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പ്രവേശനമില്ല.
ഇന്നലെ വൈകിട്ട് നാടകീയ സംവങ്ങളാണ് സർവകലാശാലയിൽ അരങ്ങേറിയത്. ഗവർണർ മലപ്പുറം എസ്പിയോട് പരസ്യമായി ക്ഷോഭിച്ചതിന് പിന്നാലെ എസ്എഫ്ഐ ഉയർത്തിയ ബാനർ പൊലീസ് നീക്കം ചെയ്തു. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ പുതിയ ബാനർ ഉയർത്തിയിരുന്നു എസ് എഫ് ഐയുടെ മറുപടി. പോസ്റ്ററുകൾ മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണ് രാജ്ഭവന്റെ ആരോപണം.
ബാനര്‍ സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ്. ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രിയുടേത് ബോധപൂർവമായ നീക്കമാണെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.