ബെയ്റുത്ത്: ലെബനനിൽ കരയുദ്ധം നാല് ദിവസം പിന്നിടുമ്പോൾ, ലെബനോൻ-സിറിയ അതിർത്തിയിലേക്ക് ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുന്നതായി റിപ്പോർട്ട്. ലെബനനിലെ തെക്കൻ പട്ടണമായ ഒഡെയ്സെയിലിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കരയുദ്ധം നാല് ദിവസം പിന്നിടുമ്പോൾ കാമൻഡർമാരടക്കം 250 ഹിസ്ബുല്ല അംഗങ്ങളെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സാണ് കണക്കുകൾ പുറത്ത് വിട്ടത്.
ഇസ്രയേൽ വ്യോമസേനയും സമാന്തരമായി ആക്രമണം നടത്തുന്നുണ്ട്. ഹിസ്ബുല്ല നേതാക്കളെ ഉന്നം വച്ച് ഇസ്രയേൽ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഹിസ്ബുല്ലയുടെ മുൻ തലവൻ ഹസൻ നസ്രള്ളയുടെ പിൻഗാമിയാകുമെന്ന് കേൾക്കുന്ന ഹാഷിം സഫൈദീനെ ലക്ഷ്യമിട്ടാണ് ആക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
തെക്കൻ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം വ്യാഴാഴ്ച നിർദേശിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമായക്കിയത്. ലെബനനിൽ കരയാക്രമണം തുടങ്ങി രണ്ടാംദിനമായ ബുധനാഴ്ച ഇസ്രയേലിന്റെ എട്ടു സൈനികർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ആക്രമണം ശക്തമാക്കിയത്.