തുവാലു തോരാത്ത ഓർമ്മയാവുമോ…?

Written by Taniniram1

Updated on:

തുവാലു, അങ്ങനെ ഒരു ദ്വീപോ…? ഒരിക്കൽ സാമൂഹ്യശാസ്ത്രം ക്ലാസിലാണ് ഒരു കണ്ണിൽ അത്ഭുതവും മറ്റേ കണ്ണിൽ ആകാംക്ഷയും നിറച്ച് കുട്ടിക്കൂട്ടങ്ങളുടെ ചോദ്യങ്ങൾ എനിക്കു നേരെ ഉയർന്നുവന്നത്. എവിടെയാണ് തുവാലു? അതൊരു ദ്വീപാണൊ? അവിടെ മനുഷ്യരുണ്ടോ? അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുമ്പോഴും പ്രകൃതിയെ മാറോടടക്കിപ്പിടിച്ച് തുവാലു എന്ന ദ്വീപ് എന്നെന്നേക്കുമായി കടലിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്ന സങ്കടക്കാഴ്ചയാണ് മനസ്സിൽ വിങ്ങി നിറഞ്ഞത്.

സൗത്ത് പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒൻപതു ദ്വീപുകൾ ചേർന്ന് ചങ്ങല പോലെ കാണപ്പെടുന്ന ദ്വീപസമൂഹമാണ് തുവാലു. ഇരുപത്തിരണ്ടു പസഫിക് ദ്വീപുകളിലായി എഴുപതു ലക്ഷം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഹവായ്ക്കും ആസ്ത്രേലിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ലോകത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്നു. പക്ഷെ ഈ ദ്വീപിൽ ഇന്ന് ദേശസഞ്ചാരികളും ഗവേഷകരുമെത്തുന്നത് വൻ തിരമാലകൾ എന്നാണ് ഈ ദ്വീപിനെ വിഴുങ്ങുന്നതെന്നറിയാനാണ്.

തുവാലു ആഗോളതാപനം മൂലം അധികനാൾ ഈ ഭൂമുഖത്തുണ്ടാവില്ല എന്ന സത്യം നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. താപവർധനവ് കാരണം മഞ്ഞുപാളികൾ ഉരുകി സമുദ്രനിരപ്പുയർന്നതിനാൽ കടൽ കരയെ വിഴുങ്ങുവാൻ പാകത്തിലായിരിക്കയാണ്. കൃഷിയും സമുദ്ര സമ്പത്തും ഉപജീവനമാർഗ്ഗമായുള്ള തുവാലു നിവാസികൾ അടുത്തു തന്നെ അഭയാർത്ഥികളാവും. തുവാലുവിലെ ബീച്ചും തെങ്ങിൻ തോപ്പുകളും റോഡുകളും പതുക്കെ പതുക്കെ കടൽ കവർന്നെടുക്കും. ടൂറിസം പ്രധാന വരുമാന മാർഗ്ഗമായിരുന്ന തൂവാലുവിലെ കാലാവസ്ഥയും പ്രകൃതിയും ജീവജാലങ്ങളും ഭൂമിയിൽ നിന്ന് അടുത്തു തന്നെ അദൃശ്യമാകും.

നമ്മുടെ അടുത്തൊന്നും അല്ലാതെ വിദൂരതയിൽ കിടക്കുന്ന ഒരു ദ്വീപസമൂഹത്തെക്കുറിച്ച് എന്തിനാണിങ്ങനെ ആവലാതിപ്പെടുന്നതെന്ന് ഒരു പക്ഷേ എല്ലാവരും ചിന്തിച്ചേക്കാം. അവിടെയാണ് “ഇന്നു ഞാൻ നാളെ നീ” എന്ന കവി വാക്യം പ്രസക്തമാകുന്നത്. വരും കാലങ്ങളിൽ നമ്മുടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളും ലക്ഷദ്വീപുകളും ഇതേ അവസ്ഥയിലെത്തുമെന്നതിൽ തീർത്തും സംശയമില്ല. ലോകഭൂപടത്തിൽ നിന്നും തുവാലു അപ്രത്യക്ഷമാകുമ്പോൾ വരാൻ പോകുന്ന അപകടത്തിന്റെ ബാന്റു മുഴക്കം നമ്മുടെ ഓരോരുത്തരുടേയും നെഞ്ചിലാണ് അടിച്ചു കൊണ്ടിരിക്കുന്നതെന്ന് ഓർക്കണം. അത് മനുഷ്യന്റേയും പ്രകൃതിയുടേയും അതി സൂക്ഷ്മമായ അടുപ്പത്തിന്റെ ചോദ്യം ചെയ്യൽ കൂടിയാവുന്നു. അതിന് ആദ്യത്തെ ഇര തൂവാലുവാണെന്നു മാത്രം.

– താര അതിയടത്ത്

Leave a Comment