ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച ഇനി ഓർമ്മ മാത്രം. 33 വയസ്സുള്ള റോസി എന്ന പൂച്ചയാണ് മരിച്ചത്. മനുഷ്യന്റെ 152 വയസ്സനു തുല്യമാണ് പൂച്ചയുടെ പ്രായം. റോസിയുടെ ഉടമയായ യുകെ നോർവിച്ച് സ്വദേശി ലീല ബ്രിസെറ്റാണ് വിവരം പങ്കുവച്ചത്.
1991ലാണ് റോസി ജനിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന പദവി അനൗദ്യോഗികമായി നേടിയിരുന്നു. ഈ വർഷം ജൂൺ ഒന്നിന് റോസിയുടെ 33-ാം ജന്മദിനം ആഘോഷിച്ചിരുന്നു. താൻ റോസിയെ വല്ലാതെ മിസ് ചെയ്യുന്നുവെന്നും, അസുഖ ബാധിതയായ പൂച്ച ഒരു ദിവസം വീടിന്റെ ഇടനാഴിയിൽ ചത്തു കിടക്കുകയായിരുന്നുവെന്നും, ബ്രിസെറ്റ് പറഞ്ഞു.
തൊണ്ണൂറുകളിൽ ഒരു ക്യാറ്റ് റെസ്ക്യൂ ഓർഗനൈസേഷനിൽ നിന്നാണ് റോസിയെ ബ്രിസെറ്റിന് ലഭിക്കുന്നത്. ശാന്തശീലയായ പൂച്ച വളരെ പെട്ടന്നു തന്നോട് അടുത്തെന്നും, വളരെ അച്ചടക്കത്തോടെയാണ് തന്നോടൊപ്പം കഴിഞ്ഞിരുന്നതെന്നും ബ്രിസെറ്റ് പറഞ്ഞു.
ഗിന്നസ് റെക്കോർഡ്സ് പ്രകാരം 27 വയസ്സുള്ള ഫ്ലോസിയാണ് ലോകത്തെ ഏറ്റവും പ്രായം കൂടിയ പൂച്ച. 1995 ഡിസംബർ 29നാണ് ഫ്ലോസി ജനിച്ചത്. 1967 മുതൽ 2005 വരെ ജീവിച്ചിരുന്ന ടെക്സാസിലെ ഓസ്റ്റിനിൽ നിന്നുള്ള ക്രീം പഫ് ആണ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച.