ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം ധനുമാസത്തിലെ മുപ്പട്ട് (ആദ്യ) ബുധനാഴ്ചയായ ഡിസംബർ 20 ന് ആഘോഷിക്കും. കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാൽ അവിൽ നിവേദ്യം ശീട്ടാക്കാൻ തുടങ്ങി. ടിക്കറ്റുകൾ ഓൺ ലൈനിലൂടെയും അഡ്വാൻസ് ബുക്കിങ് കൗണ്ടറിലൂടെയും ഡിസംബർ 17 ,വൈകിട്ട് 4 വരെ ബുക്ക് ചെയ്യാം.
അഡ്വാൻസ് ബുക്കിങ്ങ് കഴിഞ്ഞ് ബാക്കി വരുന്ന ടിക്കറ്റുകൾ ഡിസം. 19 ന് വൈകിട്ട് 5 മുതൽ ക്ഷേത്രം ടിക്കറ്റ്കൗണ്ടറിൽ വിതരണം ചെയ്യും. 21 രൂപയാണ് നിരക്ക്. ഒരു ഭക്തന് പരമാവധി 63 രൂപയുടെ ശീട്ട് നൽകും. നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം, എന്നിവയാൽ കുഴച്ച അവിൽ പന്തീരടി പൂജയ്ക്കും അത്താഴ, പൂജയ്ക്കും ശ്രീ ഗുരുവായൂരപ്പന് നേദിക്കും. കൂടാതെ അവിൽ, പഴം, ശർക്കര തുടങ്ങിയവ ഭക്തർക്ക് നേരിട്ട് കൊണ്ടുവന്ന് നിവേദിക്കുന്നതിനുള്ള സംവിധാനവും ദേവസ്വം ഏർപ്പാട് ചെയ്തിട്ടുണ്ട്.
മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ സ്മരണയ്ക്കായി രാവിലെ മുതൽ കഥകളി ഗായകർ കുചേലവൃത്തം പദങ്ങൾ ആലപിക്കും. രാത്രി ഡോ: സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയും അരങ്ങേറും. കുചേലൻ എന്നറിയപ്പെടുന്ന സുദാ മാവ് സതീർത്ഥ്യനായ ഭഗവാൻ ശ്രീകൃഷ്ണനെ അവിൽ പൊതിയുമായി കാണാൻ പോയതിൻ്റെ സ്‌മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേല ദിനമായി ആഘോഷിക്കുന്നത്. കുചേലന് സദ്ഗതി ഉണ്ടായ ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു.