പത്തനംതിട്ട , എരുമേലി പാതകളിൽ കിലോമീറ്ററുകളോളം കാത്ത് കിടക്കുന്ന വാഹനങ്ങൾ. നിലയ്ക്കലിൽ ബസുകൾക്ക് പിന്നാലെ തീർഥാടകരുടെ കൂട്ടയോട്ടം . ജനലുകളിൽക്കൂടി ബസിൽ കയറിപ്പറ്റാനുള്ള തിരക്ക്. ബസിൽ തിങ്ങിനിറഞ്ഞ് മണിക്കൂറുകളോളം ബസിൽ കാത്തിരിപ്പ് . പമ്പയിൽ നിന്നു തിരിയാനിടയില്ലാത്ത വിധം തീർഥാടകർ ഇതൊക്കെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച.
ഇലവുങ്കലിൽ സുഗമമായ ഗതാഗതം. നിലയ്ക്കലിൽ തീർഥാടകരെ നിയന്ത്രിക്കാനും ബസ്സിൽ കയറ്റാനും കെഎസ്ആർടിസി കൂടുതൽ ജീവനക്കാർ . പമ്പയിൽ തിരക്കൊഴിഞ്ഞതോടെ ശുചീകരണം അടക്കം പൂർവസ്ഥിതിയിൽ ആയി. കുടുങ്ങിക്കിടന്ന തീർഥാടകർ നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഇടത്താവളങ്ങളിലും ഇപ്പോൾ തീർഥാടകരെ തടയുന്നില്ല. നിലവിൽ ബസുകളിലും അമിതമായ തിരക്കില്ല. നിലയ്ക്കൽ പാർക്കിങ്ങ് ഗ്രൗണ്ടും സാധാരണ നിലയിലെത്തി.
അഞ്ച് ദിവസത്തെ ദുരിതത്തിന് ശേഷമാണ് പമ്പ, നിലക്കൽ, ഇലവുങ്കൽ ഭാഗങ്ങളിലെ തീർഥാടകരുടെ തിരക്ക് കുറഞ്ഞത്. 15 മണിക്കൂറിൽ അധികം കാത്തു നിൽക്കേണ്ടി വന്നതിന്റെ ദുരിതമാണ് മലയിറങ്ങിയ തീർഥാടകർക്ക് പറയാനുള്ളത്. എൺപതിനായിരത്തിന് അടുത്ത് തീർഥാടകരാണ് ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.