“എല്ലാവർക്കും പണം മതി എല്ലാറ്റിനും മുകളിലും പണമാണ്… ” കേരളത്തിലെ ഓരോ ഷഹനമാർക്ക് വേണ്ടിയും…

Written by Taniniram1

Published on:

ഒരു വരിയിൽ സങ്കടങ്ങളെല്ലാം എഴുതി തീർത്താണ് യുവ ഡോക്ടർ ഷഹന ജീവിതമവസാനിപ്പിച്ചത്. പണമാണ് ലോകത്തെ ചലിപ്പിക്കുന്നതെന്നും ആ ചലന പ്രക്രിയയിൽ ബന്ധങ്ങൾക്ക് വിലയില്ലെന്നും ഈ ആത്മഹത്യാക്കുറിപ്പ് നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഉയർന്ന വിദ്യാഭ്യാസം നേടിയവർ പോലും ഇങ്ങനെ ജീവനൊടുക്കുമ്പോൾ എത്രമാത്രം നീചമായ വിലപേശലിന്റെ ഭീകരമുഖത്തിനാണ് നമ്മൾ സാക്ഷിയാകുന്നത്.

“യത്ര നാര്യസ്തു പൂജ്യന്തേ

രമന്തേ തത്ര ദേവതാ …

എവിടെയാണോ സ്ത്രീകൾ പൂജിക്കപ്പെടുന്നത് അവിടെ മാത്രമെ അഭിവൃദ്ധിയുണ്ടാവൂ എന്നാണ്. സ്ത്രീകൾക്കും അവരുടെ സുരക്ഷയ്ക്കുമായി ഭാരതം എത്രമാത്രം പ്രാധാന്യം നൽകിയിരുന്നു എന്നതിനു തെളിവാണ് മനുസ്മൃതിയിലെ ഈ ശ്ലോകം. പുരാതന ഭാരതീയ സംസ്കാരത്തിൽ ദൈവീക ഗുണങ്ങളുടെ അടയാളമായാണ് സ്ത്രീത്വത്തെ കാണുന്നത്. അത്രയ്ക്ക് അർഹമായ ബഹുമാനവും അംഗീകാരവും നൽകുന്ന സംസ്കാരസമ്പന്നമായ ഒരു പാരമ്പര്യം തന്നെ നമുക്കുണ്ട്. നമ്മുടെ പുരാണങ്ങളിലും വേദങ്ങളിലും സ്ത്രീകളുടെ സൂക്ഷ്മമായ ശക്തിയേയും നേതൃത്വ ഗുണത്തേയും എടുത്തു പറയുന്നുണ്ട്. അത്തരത്തിൽ അസാധാരണ ശക്തിയും ധൈര്യവും ഉള്ള വനിതകളുടെ മണ്ണിലാണ് മനസ്സിൽ ഇത്തിരിപ്പോരം മനുഷ്യത്വമില്ലാത്ത പ്രവർത്തികൾ നടക്കുന്നതെന്ന് നമ്മളോർക്കണം

സ്ത്രീധനം ചോദിക്കുന്നവരോട് ആ ബന്ധം വേണ്ടെന്ന് പറയാനുള്ള തന്റേടം നമ്മുടെ പെൺകുട്ടികൾക്കുണ്ട്. എന്നിട്ടും എത്രയെത്ര തിന്മകളാണ് നമ്മുടെ സ്ത്രീ സമൂഹം ഏറ്റുവാങ്ങുന്നത്. പഠനത്തിൽ മിടുക്കിയായിരുന്നു ഷെഹന. മെറിറ്റ് സീറ്റിൽ ആണ് എംബിബിഎസ് പ്രവേശനം നേടിയത്. പറഞ്ഞുറപ്പിച്ചതിലധികം സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ റുവൈസ് പിന്മാറിയതാണ് ഷഹനയെ ആത്മഹത്യയിലേക്ക് നയിച്ചത്. സ്ത്രീധനത്തെ ചൊല്ലി നിരന്തര പീഡനങ്ങൾക്ക് വിധേയയായ ബി എ എം എസ് വിദ്യാർത്ഥി വിസ്മയ ജീവനൊടുക്കിയതും നമുക്ക് മറക്കാനാവുന്നതല്ല.

പുറം ലോകത്തിനു മുന്നിൽ കേരളത്തിന്റെ സ്വത്വം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. സ്ത്രീധനത്തെ ചൊല്ലിയുള്ള കൊലപാതകങ്ങൾ ആത്മഹത്യകളാവുന്നു. ഇതിനെതിരെ പ്രതികരിക്കാനായി നമ്മുടെ പെൺകുട്ടികളെ പരുവപ്പെടുത്തേണ്ട ഉത്തരവാദിത്വം നമ്മൾക്കോരുരുത്തർക്കുമുണ്ട്.

എല്ലാറ്റിനും മുകളിൽ പണമല്ല മനുഷ്യരേ… മനുഷ്യത്വമാണെന്ന് ഇനിയും നമ്മളെന്നാണ് മനസ്സിലാക്കുക.

താര അതിയടത്ത്

Leave a Comment