അയ്യപ്പനെ തൊഴാതെ കണ്ണീരോടെ മടക്കം..

Written by Taniniram1

Published on:

പന്തളം: ശബരീശ ദര്‍ശനം സാധിക്കാതെ നിറകണ്ണുകളോടെ നൂറുകണക്കിനു തീര്‍ഥാടകര്‍ മടങ്ങുന്നു. പത്തും പതിനെട്ടും മണിക്കൂറുകള്‍ തീർത്ഥാടന പാതകളില്‍ തടയപ്പെട്ട അവര്‍ സന്നിധാനത്തേക്കുള്ള യാത്ര മതിയാക്കി പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെത്തി അയ്യപ്പപാദങ്ങളില്‍ അഭയം തേടി.

ഏതാനും ദിവസങ്ങളായി 18 മണിക്കൂറിലേറെ ക്യൂവില്‍പ്പെട്ട് കുടിവെള്ളവും പ്രാഥമികാവശ്യങ്ങളും നിഷേധിക്കപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള അയ്യപ്പ ഭക്തരാണ് പന്തളത്തെത്തി ദര്‍ശനം നടത്തി മടങ്ങുന്നത്. ആന്ധ്ര, കര്‍ണാടക, കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ തുടങ്ങിയിടങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിനു തീര്‍ഥാടകരാണ് ഏതാനും ദിവസങ്ങളായി പന്തളത്തെത്തുന്നത്.

ശബരിമലയില്‍ അഭിഷേകത്തിനു കൊണ്ടുപോയ നെയ്‌ത്തേങ്ങകളിലെ നെയ്യ് വലിയ കോയിക്കല്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അഭിഷേകം നടത്തി അരിയും കെട്ടിലുള്ള പൂജാദ്രവ്യങ്ങളും ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ശേഷമാണ് ഇവര്‍ നാട്ടിലേക്കു മടങ്ങുന്നത്.തീര്‍ഥാടകര്‍ക്ക് നെയ്യെടുത്ത് തേങ്ങ ഹോമിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ ഹോമകുണ്ഡവുമൊരുക്കിയിട്ടുണ്ട്.

Leave a Comment