ടോക്കിയോ: വടക്കന്‍ ജപ്പാനിലെ കടല്‍ത്തീരത്ത് ടണ്‍ കണക്കിന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തടിഞ്ഞത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. തിരകള്‍ക്കൊപ്പം തീരം നിറച്ചാണ് മത്സ്യങ്ങള്‍ കരക്കടിഞ്ഞത്.
വ്യാഴാഴ്ച രാവിലെയാണ് ജപ്പാനിലെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ഹോക്കൈഡോയിലെ ഹക്കോഡേറ്റിൽ മത്തികളും അയിലയും കരയിലേക്ക് ഒഴുകിയെത്തിയത്. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുള്ള തീരത്ത് ഒരു കമ്പിളിപ്പുതപ്പ് പോലെയാണ് മീനുകള്‍ അടിഞ്ഞത്. ഇതുപോലൊരു സംഭവം ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചിലര്‍ ചത്ത മത്സ്യങ്ങള്‍ വില്‍ക്കാനും പാചകം ചെയ്യാനും ശേഖരിച്ചുതുടങ്ങിയതോടെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീരത്തടിഞ്ഞ മീനുകള്‍ കഴിക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
സമാനമായ പ്രതിഭാസങ്ങളെക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടെങ്കിലും അത് ആദ്യമായിട്ടാണ് കാണുന്നതെന്ന് ഹകോഡേറ്റ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകനായ തകാഷി ഫുജിയോക പറഞ്ഞു. ഓക്സിജന്‍റെ അഭാവം മൂലം തളര്‍ന്നുപോയതൊ തിരമാലകളില്‍ പെട്ട് ഒഴുകിപ്പോയതോ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴുകുന്ന മത്സ്യം ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും സമുദ്ര പരിസ്ഥിതിയെ ബാധിക്കുകയും ചെയ്യുമെന്നും തകാഷി വിശദീകരിച്ചു. “ഏത് സാഹചര്യത്തിലാണ് ഈ മത്സ്യങ്ങൾ ഒഴുകിയെത്തിയതെന്ന് ഉറപ്പില്ല, അതിനാൽ അവ കഴിക്കാൻ ഞാൻ ശിപാർശ ചെയ്യുന്നില്ല,” അദ്ദേഹം വ്യക്തമാക്കി.