ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് മണിരത്നം. തന്റെ എല്ലാ സിനിമകളിലും മണിരത്നം ടച്ച് കൊണ്ട് വരാൻ ഇദ്ദേഹം ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ഭാഷകൾക്കും സംസ്ഥാനങ്ങൾക്കുമൊക്കെ അതീതമാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന സിനിമാപ്രേക്ഷകർ . മണിരത്നം സിനിമയിലെ പ്രണയത്തിനു൦ ഒരു മാജിക്കൽ ഫീലുണ്ടെന്ന് വിശ്വസിക്കുന്ന പ്രേക്ഷകരും ഏറെയാണ്. പ്രേക്ഷകഹൃദയം കവർന്ന എത്രയോ കഥാപാത്രങ്ങളെ മണിരത്നം സമ്മാനിച്ചു കഴിഞ്ഞു. ഇരുവർ, റോജ, ഗുരു, ദിൽസേ, അലൈപായുതേ, രാവൺ, നായകൻ, ഓകെ കൺമണി, അഞ്ജലി, കാട്ര് വെളിയിടൈ തുടങ്ങിയ ചിത്രങ്ങൾ അതിൽ ചിലത് മാത്രം.
ഇപ്പോഴിതാ, മണിരത്നം സിനിമകളിലെ ചില പൊതുസാമ്യങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ഒരു ചർച്ചയാണ് ശ്രദ്ധ നേടുന്നത്. മണിരത്നം ചിത്രങ്ങളിൽ പൊതുവായി കാണാറുള്ള അഞ്ചു കാര്യങ്ങളെന്താണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തുന്നത്. കണ്ണാടി, ട്രെയിൻ, ബസ്, വിവാഹം, ഊഞ്ഞാൽ ഈ അഞ്ചു ഘടകങ്ങളും മണിരത്നം ചിത്രത്തിലെ സുപരിചിതമായ കാഴ്ചയാണെന്നും ആരാധകർ ചൂണ്ടി കാണിക്കുന്നു.