തൃശൂർ കോർപ്പറേഷൻ മേയറുടെയും, തൃശൂർ എം.എൽ.എ.യുടെയും നാട്ടിൽ സഞ്ചാരയോഗ്യമായ റോഡിന് വേണ്ടി വ്യത്യസ്തങ്ങളായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും, അധികാരികളെ രേഖാമൂലവും, പത്രമാധ്യമങ്ങൾ വഴിയും അറിയിച്ചിട്ടും അനങ്ങാത്ത ഭരണാധികാരികൾക്കെതിരെ വീണ്ടും ജനകീയ പ്രതിഷേധം ശക്തമാകുന്നു. ആദ്യം കുഴി എണ്ണി തിട്ടപ്പെടുത്തിയവർക്ക് പൊൻപണം നൽകുകയും, പിന്നീട് പാസാക്കിയ പണം കൊണ്ട് നിർമ്മിച്ച റോഡ് കാണുന്നതിനും, കുഴികൾ വ്യക്തമായി കണ്ട് വാഹനം ഓടിക്കുന്നതിനും വേണ്ടി ധൂർത്തിന്റെ പ്രതീകം കൂടിയായ കണ്ണടകൾ നൽകുകയും ചെയ്തു. എന്നിട്ടും അനങ്ങാത്ത ഭരണാധികൾക്കെതിരെ തളരാത്ത പോരാട്ടവുമായി നാട്ടുകാർ മുന്നോട്ട് പോകുന്നു. അതിന്റെ ഭാഗമായി റോഡിന്റെ ശോചനീയാവസ്ഥയിൽ പതിയിരിക്കുകയും, ജനങ്ങൾ റോഡിൽ വീഴുമ്പോൾ അട്ടഹസിക്കുകയും ചെയ്യുന്ന കാലനെ പ്രതീകാത്മകമായി ആട്ടിയോടിക്കുന്ന സമരം സംഘടിപ്പിച്ചു.
നെട്ടിശ്ശേരി മുക്കാട്ടുകര പ്രദേശങ്ങളിലെ മുക്കാട്ടുകര നായരങ്ങാടി ചിരടം റോഡ്, നെട്ടിശ്ശേരി കുറ്റിമുക്ക് റോഡ്, നെട്ടിശ്ശേരി പനഞ്ചകം റോഡ്, മിനി നഗർ, ഗ്രീൻ ഗാർഡൻ റോഡ്, അക്ഷയ സ്ട്രീറ്റ് തുടങ്ങിയവ തകർന്ന നിലയിലാണ്. ഇവിടങ്ങളിൽ വാഹനങ്ങൾ കേടുവരുകയും, അപകടങ്ങൾ തുടർക്കഥയാകുകയും ചെയ്യുന്നത് നാട്ടുകാർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതുമാണ്. എന്നിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പുതിയ പ്രതിഷേധ മുറയുമായി രംഗത്തെത്തിയത്.
അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം നിർവഹിച്ചു. ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എക്സ് സുബൈദാർ മേജർ കെ.കെ.ഉണ്ണികൃഷ്ണൻ, കാർഷിക സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ വി.ബാലഗോപാലൻ, എ.അഭിലാഷ്, ശശി നെട്ടിശ്ശേരി, സണ്ണി വാഴപ്പിള്ളി, സി.ജെ.രാജേഷ്, നിധിൻ ജോസ്, സോജൻ മഞ്ഞില, ജോർജ്ജ് മഞ്ഞില, ജോസ് പ്രകാശ്, ബിന്നു ഡയസ്, ഷിബു തെക്കേകര, റാഫി അറയ്ക്കൽ, പി.ഐ.ദേവസ്സി, പ്രശാന്ത് രാഘവൻ, മനോജ് പിഷാരടി, സോണിജ് ജോൺ, അഗസ്റ്റിൻ ബോബൻ, ബാസ്റ്റിൻ ജോബി, ഇ.എ.വിൽസൻ, ഇ.എ.സണ്ണി, സി.ജെ.ജോജു, സി.എ.നിക്സൻ, വി.എസ്.പ്രദീപ്, ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.