നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) പുതിയ വിവരങ്ങളനുസരിച്ച് രാജ്യത്ത് ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ കേരളത്തിലെ കോഴിക്കോട് എന്ന നഗരവും. ഒരുലക്ഷം പേർക്കിടയിലെ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ലിസ്റ്റ് തയാറാക്കുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമവും മറ്റു പ്രത്യേക നിയമങ്ങളും പ്രകാരമുള്ള കേസുകളാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. ആദ്യ പത്ത് സുരക്ഷിത നഗരങ്ങളിൽ പകുതിയും ദക്ഷിണേന്ത്യയിലാണ്.
ലക്ഷം പേരിൽ 78.2 കുറ്റകൃത്യങ്ങൾ മാത്രം നടക്കുന്ന കൊൽക്കത്തയാണ് രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരം. തുടർച്ചയായ മൂന്നാം തവണയാണ് കൊൽക്കത്ത ഒന്നാമതെത്തുന്നത്. ചെന്നൈ (173.5) ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. ചെന്നൈക്കു പിന്നാലെ മൂന്നാം സ്ഥാനവും തമിഴ്നാട്ടിൽനിന്നുള്ള നഗരത്തിനാണ്. കോയമ്പത്തൂർ (211.2) ആണ് മൂന്നാമതുള്ളത്.
സൂറത്ത് (215.3), പുണെ (215.3) എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനത്തെത്തിയപ്പോൾ ഹൈദരാബാദ് (266.7) ആറാം സ്ഥാനത്തുണ്ട്. ബംഗളൂരു (337.3) ആണ് ഏഴാമത്. അഹ്മദാബാദ് (360.1), മുംബൈ (376.3) നഗരങ്ങൾ എട്ടും ഒമ്പതും സ്ഥാനക്കാരായി. കോഴിക്കോട് (397.5) ആണ് പത്താം സ്ഥാനത്ത്. ആദ്യപത്തിൽ കേരളത്തിൽ നിന്ന് ഇടംപിടിച്ച ഏക നഗരമാണ് കോഴിക്കോട്.