റോഡിൻ്റെ ശോചനീയാവസ്ഥയ്ക്കെതിരെ വേറിട്ട പ്രതിഷേധം നടത്താനൊരുങ്ങി തൃശ്ശൂർ നെട്ടിശ്ശേരിയിലെ നാട്ടുകാർ. അപകടാവസ്ഥയിലായ റോഡിൽ പതിയിരിക്കുകയും, ജനങ്ങൾ വീഴുമ്പോൾ അട്ടഹസിക്കുകയും ചെയ്യുന്ന കാലനെ പ്രതീകാത്മകമായി ആട്ടിയോടിക്കുന്ന പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാർ തയ്യാറെടുക്കുന്നത്. 10-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് നെട്ടിശ്ശേരി പുത്തൻ കുളത്തിന് സമീപമാണ് പ്രതിഷേധം.
തൃശൂർ കോർപ്പറേഷൻ മേയറുടെയും, തൃശൂർ എംഎൽഎയുടെയും നാട്ടിൽ സഞ്ചാരയോഗ്യമായ റോഡിന് വേണ്ടി വ്യത്യസ്തങ്ങളായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും ഇതുവരെ നടപടികളൊന്നും ഉണ്ടായില്ല. അതിനാലാണ് അധികാരികളെ രേഖാമൂലവും, പത്രമാധ്യമങ്ങൾ വഴിയും അറിയിച്ചിട്ടും അനങ്ങാത്ത ഭരണാധികാരികൾക്കെതിരെ പുതിയൊരു സമരമുറ പരീക്ഷിക്കുന്നതെന്ന് കൺവീനർ ജെൻസൻ ജോസ് കാക്കശ്ശേരി അറിയിച്ചു. കോടതി വിധിയിലൂടെ ഒരു നാടിന് വേണ്ടി പാലം പണിയിപ്പിച്ച അഡ്വ. ഷാജി കോടൻങ്കണ്ടത്ത് പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.
നേരത്തെയും വ്യത്യസ്തമായ പ്രതിഷേധങ്ങൾ നെട്ടിശ്ശേരിയിൽ നടത്തിയിരുന്നു. റോഡിലെ കുഴി എണ്ണി തിട്ടപ്പെടുത്തിയവർക്ക് പൊൻപണം നൽകിയാണ് നാട്ടുകാർ ആദ്യം പ്രതിഷേധിച്ചത്. പാസാക്കിയ പണം കൊണ്ട് നിർമ്മിച്ച റോഡ് കാണുന്നതിനും, കുഴികൾ വ്യക്തമായി കണ്ട് വാഹനം ഓടിക്കുന്നതിനും വേണ്ടി ധൂർത്തിന്റെ പ്രതീകം കൂടിയായ കണ്ണടകൾ നൽകിക്കൊണ്ട് നടത്തിയ പ്രതിഷേധവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.