ലോക്കൽ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രതൈ !

Written by Taniniram Desk

Updated on:

എസ് ബി മധു

തിരുവനന്തപുരം : കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയാൽ ഇനി പിടിവീഴും. കോടതി വെറുതെ വിടുന്ന കേസുകളിൽ കേസ് ഡയറി പരിശോധിച്ച്‌ അന്വേഷണ ഉദ്യാഗസ്ഥരുടെ വീഴ്ച കണ്ടെത്താനായി പുതിയ ജില്ലാതല ജഡ്ജ്മെന്റ് റിവ്യൂ കമ്മിറ്റി നിലവിൽ വന്നു. കേരളത്തിൽ ഇതാദ്യമായി കൊച്ചി സിറ്റി പൊലീസാണ് കമ്മിറ്റി രൂപീകരിച്ച്‌ ഉത്തരവിറക്കിയത്.

2014 ജനുവരി 7 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഗുജറാത്ത് സർക്കാർ – കിഷൻഭായ് കേസിലെ വിധിയാണ് ഇത്തരം ഒരു കമ്മിറ്റി നിലവിൽ വരാനുള്ള കാരണം. പോലീസ് കുറ്റപത്രം സമർപ്പിക്കുന്ന പ്രമാദമായ പല കേസുകളിലും പ്രതികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു പോകാറുണ്ട്. ഇത്തരത്തിൽ പ്രതികളെ രക്ഷപ്പെടു ത്താനായി അന്വേഷണ ഉദ്യാഗസ്ഥർ തന്നെ പലപ്പോഴും ഒത്തുകളിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു പുനഃപരിശോധനയുടെ ആവശ്യകത കോടതി ചൂണ്ടിക്കാട്ടിയത്.

കേരളത്തിലെ എല്ലാ പോലീസ് ജില്ലകളിലും ജില്ലാതല ജഡ്ജ്മെന്റ് റിവ്യൂ കമ്മിറ്റികൾ ഉടൻ രൂപീകരിക്കും. ഐ ജിയും എറണാകുളം സിറ്റി പോലീസ് കമ്മീഷണറുമായ എസ് ശ്യാം സുന്ദറാണ് കമ്മിറ്റി രൂപീകരിച്ചതായി ഉത്തരവിറക്കിയത്. ഡി സി പി (ക്രമസമാധാനം) ക്കാകും കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണം. കൊച്ചിൻ സിറ്റിയിലെ സി ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ, നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ, ഡി സി ആർ ബി അസിസ്റ്റന്റ് കമ്മിഷണർ, ലീഗൽ സെൽ കൊച്ചി സിറ്റി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. എല്ലാ മാസവും കമ്മിറ്റി കൂടണമെന്ന് ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്. 7 -)0 തീയതിയോ അതിനു മുൻപോ കമ്മിറ്റി യോഗം ചേരണമെന്ന് കമ്മിഷണർ ഉത്തരവിൽ വ്യക്തമാക്കി. കോടതി വെറുതെ വിടുന്ന കേസുകളുടെ ഫയലുകൾ ഇനി മുതൽ ഈ കമ്മിറ്റി പരിശോധന നടത്തും.

കേസ് ശിക്ഷിക്കപ്പെടാതെ പോകുന്നതിന് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച കാരണമായിട്ടുണ്ടെങ്കിൽ ജില്ലാതല ജഡ്ജ്മെന്റ് റിവ്യൂ കമ്മിറ്റി നിലവിൽ വന്നതോടെ അവർക്കെതിരെ കർശന വകുപ്പുതല നടപടി ഉണ്ടാകും.സ്വാധീനത്തിനും കൈക്കൂലിക്കും വഴങ്ങി ബോധപൂർവം കേസ് അട്ടിമറിക്കുന്ന ഉദ്യോഗസ്ഥന്മാർ ഉള്ളപ്പോൾ തന്നെ മറുവശത്ത് അവിചാരിതമായ പിഴവുമൂലമുണ്ടാകുന്ന ചെറിയ കാരണങ്ങൾ പോലും ഇനിമുതൽ ഉദ്യോഗസ്ഥന്മാരെ ശിക്ഷണ നടപടിക്ക് വിധേയരാക്കാം . നൂറുകണക്കിന് കേസുകളാണ് ഓരോ മാസവും പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഈ കേസുകളെല്ലാം തന്നെ മതിയായ തെളിവുകൾ ശേഖരിച്ച് കോടതിയിൽ എത്തിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. ആവശ്യത്തിന് വേണ്ട അന്വേഷണ മികവുള്ള പോലീസുകാരുടെ കുറവ് ഒരു പ്രധാന വെല്ലുവിളിയാണ്. സ്റ്റേഷന്റെ ചുമതലയുള്ള എസ് എച്ച് ഒ മാർ കണ്ണിലെണ്ണയൊഴിച്ച് ഇനിമുതൽ പണിയെടുക്കേണ്ടി വരും.

8 സി ഐമാർക്ക് ഡിവൈ എസ് പിമാരായി സ്ഥാനക്കയറ്റം
3 ഡിവൈ എസ് പിമാർ അഡിഷണൽ എസ് പിമാരാകും

സി ഐമാരായ മനോജ് ചന്ദ്രൻ സി എല്ലിനെ ലോകായുക്ത ഡിവൈ എസ് പിയായി സ്ഥാനക്കയറ്റം നൽകി ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചു. സുഭാഷ് ബാബു കെ സി എ കാസർഗോഡ് നാർക്കോട്ടിക് സെല്ലിലും മഞ്ജുലാൽ എസിനെ എറണാകുളം എസ് എസ് ബി റൂറലിലും നിർമൽ ബോസിനെ വി എ സി ബി ഈസ്റ്റേൺ റേഞ്ച് (കോട്ടയം), ബോസ് കെ എയിനെ ക്രൈം ബ്രാഞ്ച് മലപ്പുറത്തും യൂനുസ് ടി എ കെപ്പയിലും സുരേഷ്‌കുമാർ എം കെ യെ വി എ സി ബി കോഴിക്കോടും പ്രേമദാസൻ കെ യെ സൈബർ പി എസ് കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലും നിയമിച്ചു. ഇതോടൊപ്പം മൂന്നു സീനിയർ ഡി വൈ എസ് പി മാരെ അഡിഷണൽ എസ് പി മാരായി നിയമിച്ചു. പി ടി സി വൈസ് പ്രിൻസിപ്പൽ അനിൽ ശ്രീനിവാസനെ അഡിഷണൽ എസ് പി (അഡ്മിൻ) എറണാകുളം റൂറൽ, സി. വിനോദ് (ഡി വൈ എസ് പി, വി എ സി ബി, എസ് ഐ യു – 1) നെ അഡിഷണൽ എസ് പി (അഡ്മിൻ) ആലപ്പുഴ, കെ എ ശശിധരൻ ഡി വൈ എസ് പി (കെപ്പ) യെ, അഡിഷണൽ എസ് പിയായി (അഡ്മിൻ, കോഴിക്കോട് സിറ്റി) നിയമിച്ചു.

Related News

Related News

Leave a Comment