കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച ശേഷം രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്.
കണ്ണൂരിൽ സ്ഥാനാർത്ഥിയായതിനെ തുടർന്നാണ് കെ സുധാകരൻ താൽക്കാലികമായി കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിന്നത്. എംഎം ഹസനായിരുന്നു താത്കാലിക ചുമതല. ഹസൻറെ തീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്ന് ചുമതലയേറ്റതിന് പിന്നാലെ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എം.എ.ലത്തീഫിനെ തിരിച്ചെടുത്തത് അടക്കമുള്ളവ പുനഃപരിശോധിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
എംഎം ഹസൻ തെരഞ്ഞെടുപ്പിനു ശേഷവും ഒഴിയാത്തത് വിവാദങ്ങൾക്കു വഴിയൊരുക്കിയിരുന്നു. ഹൈക്കമാൻഡ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് സുധാകരൻ തിരിച്ചെത്തുന്നത്.