ഇന്ത്യ മുന്നണി യോഗത്തിൽ മമത പങ്കെടുക്കും; എത്തുമെന്ന് നിതീഷും

Written by Taniniram1

Published on:

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുക്കും. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ നയിക്കുന്ന കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ മമത ബാനർജിയും നിതീഷ് കുമാറും അഖിലേഷ് യാദവും ഇന്ത്യാ മുന്നണി യോഗത്തിൽ പങ്കെടുക്കുന്നതിൽ അസൗകര്യം അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇരു നേതാക്കളും.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്നെകുറിച്ച് പല അഭ്യൂഹങ്ങളും ഉണ്ട്. അനാരോഗ്യം കാരണമാണ് ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത്. ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. യോഗത്തിൽ പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പൊരുങ്ങൾക്ക് അധികനാൾ ഇല്ലെന്നും സീറ്റ് പങ്കിടൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാക്കണമെന്നും നേതാക്കളോട് ആവശ്യപ്പെടും.’ നിതീഷ് കുമാർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനം മോശമല്ലെന്നും നിതീഷ് കുട്ടിച്ചേർത്തു. തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചത് ചൂണ്ടികാട്ടി തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ സ്വാഭാവികമാണെന്നെന്നും നിതീഷ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ തോൽവിക്ക് പിന്നാലെ ഇന്ത്യാ മുന്നണിയിലുണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധി ഇടപെടൽ നടത്തിയെന്ന് സൂചിപ്പിക്കുന്നതാണ് മമതാ ബാനർജിയുടെ പ്രതികരണം. രാഹുൽ തന്നെ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചതായി മമത പറഞ്ഞു.

‘എനിക്ക് എന്റേതായ പരിപാടികൾ ഉണ്ട്. മറ്റ് മുഖ്യമന്ത്രിമാരുടെ കാര്യവും അങ്ങനെതന്നെയാണ്. ഏഴോ എട്ടോ ദിവസം മുന്നേ കാര്യങ്ങൾ അറിയിച്ചില്ലെങ്കിൽ പങ്കെടുക്കുന്നത് ബുദ്ധിമുട്ടാവും. അവർ എപ്പോൾ തീരുമാനിച്ചാലും യോഗത്തിനെത്തും.’ മമത കൂട്ടിച്ചേർത്തു. ബുധനാഴ്ച നടത്താനിരുന്ന മുൻനിര നേതാക്കളുടെ യോഗം മാറ്റിവെച്ച് പാർലമെന്റിലെ പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ അത്താഴവിരുന്നിന് ഒത്തുകൂടിയതിന് പിന്നാലെയാണ് സ്വരം മയപ്പെടുത്തിയത്. 17 പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു.

See also  മഹുവ മൊയ്ത്ര ഔദ്യോ​ഗിക വസതി ഒഴിഞ്ഞു

Leave a Comment