ബോളിവുഡിലെ മലയാളി സാന്നിധ്യമാണ് നടി വിദ്യ ബാലൻ(Vidhya Balan). വ്യത്യസ്ത അഭിനയശൈലി കൊണ്ട് തന്റേതായൊരു ഇരിപ്പിടം സ്വന്തമാക്കിയ താരമാണ് വിദ്യ. പലരും ചെയ്യാൻ മടിക്കുന്ന കഥാപാത്രം നിഷ്പ്രയാസം അഭിനയിച്ചു ഫലിപ്പിക്കാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. കരിയറിലെ തന്നെ വളരെ ബോൾഡ് ആയി ചെയ്ത സിനിമയാണ് സിൽക്ക് സ്മിതയുടെ(Silk Smitha) ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡേർട്ടി പിക്ചർ(Dirty Picture). ഒട്ടനവധി നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു അത്. ഇപ്പോഴിതാ ആ സിനിമയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് വിദ്യ ബാലൻ . ഡേർട്ടി പിക്ചർ എന്ന സിനിമയ്ക്ക് ശേഷം താൻ പുകവലിക്ക് അടിമപ്പെട്ടിരുന്നു എന്നാണ് വിദ്യ ബാലൻ പറയുന്നത്.
കൂടാതെ പുകയുടെ മണം തനിക്കിഷ്ടമാണെന്നും, കോളേജ് കാലത്ത് ബസ് സ്റ്റോപ്പിൽ പുകവലിക്കുന്നവരുടെ അടുത്ത് താൻ പോയി ഇരിക്കുമായിരുന്നെന്നും വിദ്യ ബാലൻ പറയുന്നു.“സിനിമയുടെ ഷൂട്ടിംഗിന് മുമ്പ് പുകവലിച്ചിട്ടുണ്ട്. എങ്ങനെ പുകവലിക്കണം എന്നെനിക്കറിയാം. പക്ഷെ ഞാൻ പുകവലിക്കാറില്ലായിരുന്നു. എന്നാൽ ഒരു കഥാപാത്രമാകുമ്പോൾ അത് ഫേക്ക് ചെയ്യാൻ പറ്റില്ല. എനിക്ക് മടി തോന്നാൻ പാടില്ല. കാരണം പുകവലിക്കുന്ന സ്ത്രീകളെക്കുറിച്ച് അക്കാലത്ത് ചില ധാരണകളുണ്ടായിരുന്നു. പുകവലിക്കാൻ ഞാൻ പണ്ടേ ആഗ്രഹിച്ചിരുന്നു.
എനിക്കിത് ക്യാമറയിൽ പറയണോ എന്നറിയില്ല. പുകവലി ഞാൻ ആസ്വദിച്ചു. സിഗരറ്റ് ഹാനികരമല്ലെങ്കിൽ ഞാൻ സ്മോക്കറായേനെ. പുകയുടെ മണം എനിക്കിഷ്ടമാണ്. കോളേജ് കാലത്ത് ബസ് സ്റ്റോപ്പിൽ പുകവലിക്കുന്നവരുടെ അടുത്ത് ഞാൻ ഇരിക്കുമായിരുന്നു. ഡേർട്ടി പിക്ചറിന് ശേഷം ഞാൻ അടിമപ്പെട്ടു. ദിവസം രണ്ട് മൂന്ന് സിഗരറ്റുകൾ ഞാൻ വലിക്കുമായിരുന്നു.” എന്നാണ് വിദ്യ ബാലൻ പറഞ്ഞത്.
കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭൂൽ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം.