ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരയിൽ ജീവിക്കുന്ന ജീവിയാണ് ജോനാഥൻ എന്ന ആമ. വയസ്സ് നൂറും നൂറ്റമ്പതുമൊന്നുമില്ല, കക്ഷിയ്ക്കിപ്പോൾ പ്രായം 191 വയസ്സാണ്. എപ്പോഴാണ് ആമ ജനിച്ചതെന്ന് വ്യക്തമല്ലെങ്കിലും, കണക്കുകൾ പ്രകാരം, 1882ൽ സീഷെൽസിൽ നിന്ന് സെന്റ് ഹെലീന ദ്വീപിലേക്ക് കൊണ്ടുവരുമ്പോൾ ആമക്ക് കുറഞ്ഞത് 50 വയസ്സ് പ്രായമുണ്ടായിരുന്നു.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, ജോനാഥൻ ജനിച്ച വർഷം 1832 ആയിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ഇത് ഒരു ഏകദേശ കണക്കായതിനാൽ പ്രായം ഇനിയും കൂടാമെന്നും അനുമാനങ്ങളുണ്ട്. സീഷെൽസിലെ ഈ ഭീമന്റെ വംശത്തിൽ പെടുന്ന മറ്റു ആമകൾക്ക് 150 വർഷത്തിൽ കൂടുതലാണ് ശരാശരി ആയുസ്സായി കണക്കാക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോഡ് വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ കടലാമയാണ് ജോനാഥൻ.
“ഗന്ധം നഷ്ടപ്പെടുകയും തിമിരം മൂലം ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടിട്ടും, അവന്റെ വിശപ്പ് തീക്ഷ്ണമായി തുടരുന്നു” എന്നാണ് ആമയെ പരിചരിക്കുന്ന ജോ ഹോളിൻസ് പറയുന്നത്.