സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം; ദേശീയ മാധ്യമങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ച് പതഞ്ജലി

Written by Taniniram CLT

Published on:

സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ ദേശീയ മാധ്യമങ്ങളില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിച്ച് പതഞ്ജലി. കാല്‍ പേജ് വലുപ്പത്തിലാണ് ഇന്ന് പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് സഹ സ്ഥാപകരായ ഗുരു രാംദേവും ആചാര്യ ബാല്‍കൃഷ്ണയും ദേശീയ മാധ്യമങ്ങളില്‍ മാപ്പ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിൽ മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യം ചെറുതായി നല്‍കിയതിനെ സുപ്രീംകോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു.

സുപ്രീംകോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കല്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനു ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കുമെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ പതജ്ഞലി ഇന്നലെ മാപ്പ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ചെറിയ കോളത്തിലായിരുന്നു മാപ്പപേക്ഷ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് ഇന്നലെ രൂക്ഷമായാണ് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും പതജ്ഞലി മാപ്പപേക്ഷ പ്രസിദ്ധീകരിച്ചത്.

നിരുപാധികമായ പരസ്യമാപ്പെന്ന പേരിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവുകളോ നിര്‍ദേശങ്ങളോ പാലിക്കാത്തതിന് ഞങ്ങള്‍ വ്യക്തിപരമായും സ്ഥാപനത്തിന്റെ പേരിലും നിരുപാധികമായി മാപ്പ് ചോദിക്കുന്നു. 2023 നവംബര്‍ 22ന് വാര്‍ത്താസമ്മേളനം നടത്തിയതിനും നിരുപാധികം ക്ഷമാപണം നടത്തുന്നു. ഞങ്ങളുടെ പരസ്യങ്ങളില്‍ പ്രസിദ്ധീകരിച്ച തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കുന്നു. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതില്‍ പൂര്‍ണ ഹൃദയത്തോടെ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കും. ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശങ്ങളും ഉചിതമായ ശ്രദ്ധയോടെയും ആത്മാര്‍ത്ഥയോടെയും പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനും നിയമങ്ങള്‍ പാലിക്കാനും കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’- മാപ്പില്‍ പറയുന്നു.

See also  അര്ജുൻ രക്ഷാദൗത്യത്തിനായി സൈന്യം; തെരച്ചിലിന് ഐഎസ്ആര്ഒയുടെ സഹായം തേടി…

Leave a Comment