മാർക്ക് ഉദാരവൽക്കരണം : കുട്ടികളോടുള്ള ചതി : പൊതു വിദ്യാഭ്യാസ ഡയറക്ടർ

Written by Taniniram1

Published on:

തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് ഐഎഎസ്. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത, സ്വന്തം പേരുപോലും തെറ്റാതെ എഴുതാനറിയാത്ത കുട്ടികൾക്ക് വരെ എ പ്ലസ് കിട്ടുന്നു. കുട്ടികളോട് ചെയ്യുന്ന ചതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

പൊതു പരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. പക്ഷേ 50 ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അഭിപ്രായപ്പെട്ടു. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയ്യാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെയാണ് ഡിപിഐയുടെ വിമർശനം.
പരീക്ഷകൾ പരീക്ഷകളാവുക തന്നെ വേണം. കുട്ടികൾ ജയിച്ചുകൊളളട്ടെ, വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തിൽ കൂടുതൽ വെറുതെ മാർക്ക് നൽകരുത്. എല്ലാവർക്കും എ ഗ്രേഡ് കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? ‘അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ് കിട്ടുന്നുണ്ട്.

എല്ലാ പ്രാവശ്യവും 69,000 പേർക്ക് എ പ്ലസ് എന്ന് വെച്ചാൽ.. എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികൾക്ക് വരെ അതിൽ എ പ്ലസ് ഉണ്ട്. ‘എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല; ഇത് കുട്ടികളോടുള്ള ചതിയാണ്. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയതെന്നും ഷാനവാസ് വിമർശിക്കുന്നു.

എന്നാൽ പൊതു വിദ്യാഭ്യാസ ഡയറക്ട‌റുടെ അഭിപ്രായം മന്ത്രി വി ശിവൻകുട്ടി തള്ളി. ആഭ്യന്തര യോഗത്തിൽ പറയുന്നത് സർക്കാർ നയമല്ല. തോല്പ്പിച്ച് യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുന്നത് ലക്ഷ്യമല്ല.
എല്ലാവരെയും ഉൾകൊള്ളിച്ച് ഗുണമേന്മ വർധിപ്പിക്കുന്നതാണ് സർക്കാർ ലക്ഷ്യം. അതിൽ മാറ്റം വരുത്തില്ല. പൊതു വിദ്യാഭ്യാസം സംരക്ഷിക്കലും മെച്ചപ്പെടുത്തലുമാണ് സർക്കാർ നയമെന്നും വിദ്യാഭ്യാസമന്ത്രി ശിവൻ കുട്ടി പറഞ്ഞു.

അതെ സമയം നേരെത്തെ ഡൽഹി യൂണിവേഴ്സിറ്റികളിൽ ബിരുദ പഠനത്തിനായി കേരളത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ തള്ളിക്കയറ്റമായിരുന്നു. അവിടെ പ്രവേശന പരീക്ഷ ഏർപ്പെടുത്തിയപ്പോൾ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായത്. പ്ലസ്‌റ്റു പരീക്ഷക്ക് എ പ്ലസ് വാങ്ങിച്ചു പ്രവേശനം നേടാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ ദുരവസ്ഥ സംഭവിച്ചത്.

See also  എം.വി. ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

Leave a Comment