ക്രിമിനലുകൾക്ക് ബിജെപി സീറ്റ് നൽകുന്നു: അമർജിത്ത് കൗർ

Written by Taniniram1

Published on:

തൃശൂര്‍ : ഭരണഘടനയുടെയും രാജ്യത്തിന്റെയും ഭാവി നിര്‍ണയിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റില്‍ എത്തണമെന്ന് എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍. തൃശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച ലേബര്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മോഡി ഭരണത്തില്‍ രാജ്യം വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. യുവാക്കളും സ്ത്രീകളും സാധാരണ ജനങ്ങളുമാണ് മോഡി ഭരണത്തിന്റെ ഇരകള്‍. വികസനത്തെ കുറിച്ചും സ്ത്രീസുരക്ഷയെ കുറിച്ചും തൊഴിലവസരങ്ങളെ കുറിച്ചും നുണകള്‍ മാത്രമാണ് പ്രധാനമന്ത്രി പറയുന്നത്. രാജ്യത്തെ സ്ത്രീകള്‍ക്കൊപ്പമെന്ന് പറയുമ്പോഴും മണിപ്പൂരിലെ സ്ത്രീകളെ നഗ്‌നരാക്കി പീഡിപ്പിച്ചപ്പോഴും ബ്രിജ് ഭൂഷണ്‍ ഗുസ്തി താരങ്ങളെ അപമാനിച്ചപ്പോഴുമെല്ലാം യാതൊരു നടപടിയും സ്വീകരിച്ചില്ല.

ക്രിമനലുകള്‍ക്കാണ് ബിജെപി സീറ്റ് നല്‍കിക്കൊണ്ടിരിക്കുന്നത്. ബ്രിജ് ഭൂഷണ്‍ സിംഗിനും അജയ് മിശ്രയ്ക്കും ബിജെപി സീറ്റ് നല്‍കി. ഏത് തരത്തിലുള്ള ക്രിമിനലുകളാണെങ്കിലും അവര്‍ ബിജെപിയിലേക്കെത്തിയാല്‍ അവര്‍ വിശുദ്ധരാകുന്നു. 25 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള 23 നേതാക്കള്‍ ബിജെപിയിലേക്ക് പോയി. കോടികളുടെ വലിയ അഴിമതി ചെയ്തവരാണിവര്‍, എന്നാല്‍ ബിജെപിയിലേക്കെത്തിയതോടെ ഈ അഴിമതികളെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നും അമര്‍ജിത് കൗര്‍ പറഞ്ഞു.
ഭരണഘടനയെ മാറ്റുകയെന്നതാണ് ബിജെപിയുടെ അജണ്ട. അതിനെ പിന്തുണയ്ക്കരുത്. രാജ്യത്തെ മതേതരത്വം നിലനിര്‍ത്താനായി ഇടതുപക്ഷത്തെ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ നിന്നും പുറത്തുവരികയും ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം പാര്‍ലമെന്റില്‍ വര്‍ധിപ്പിക്കുകയും ചെയ്യണം. അതിനായി വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തിന്റെ നേതാക്കള്‍ പാര്‍ലമെന്റില്‍ എത്തണം. ജനാധിപത്യത്തിന്റെ നിലനില്‍പ്പ് നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പിനെ ജനം ഗൗരവത്തോടെ നോക്കികാണണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍ അധ്യക്ഷനായി. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ ജി ശിവാനന്ദന്‍ സ്വാഗതം പറഞ്ഞു. എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടിമേയര്‍ എം എല്‍ റോസി, എഐടിയുസി ജില്ലാപ്രസിഡന്റ് ടി കെ സുധീഷ്, ഫ്രെഡി കെ താഴത്ത്, സി ആര്‍ വത്സന്‍, ഉണ്ണിക്കൃഷ്ണന്‍ ഈച്ചരത്ത്, എം ആര്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment