പഞ്ചവാദ്യതേൻ മഴയിൽ തൃശ്ശൂർ പൂരം

Written by Taniniram1

Published on:

തൃശൂര്‍ : ഇന്ന് പൂരനാളിൽ വെയിൽ തിളക്കമില്ലാതെ ആകാശം മേഘാവൃതം. ഭൂമിയില്‍ ആശങ്ക. മഴ ചതിക്കുമോ? പക്ഷേ, പെയ്തിറങ്ങിയത് പഞ്ചവാദ്യത്തേന്‍മഴ. അതോടെ സൂര്യ വെളിച്ചത്തിനു തെളിച്ച മേറി. കാറുമൊഴിഞ്ഞു. രാവിലെ പതിനൊന്നരയോടെ മഠത്തില്‍ വരവാരംഭിച്ചു. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ ചന്ദ്രശേഖരന്‍ ഒപ്പം കുട്ടന്‍കുളങ്ങര അര്‍ജുനനും പുതുപ്പള്ളി സാധുവും പഴയ നടക്കാവിലെ പന്തലില്‍ അണിനിരന്നു. തിങ്ങിനിറഞ്ഞ പൂരപ്രേമികളുടെ കണ്ഠങ്ങളില്‍നിന്നും ആരവങ്ങളുയര്‍ന്നു. മൂന്നാനകള്‍ എഴുന്നള്ളി നിന്നതോടെ കോങ്ങാട് മധുവിന്റെ വിരലുകള്‍ തിമിലയില്‍ തൊട്ടു.

ഇരുവശത്തുമുള്ള കലാകാരന്മാര്‍ താളവട്ടം കൊട്ടിയതോടെ പഞ്ചവാദ്യത്തിന്റെ മാസ്മരികതയിലേക്ക് ജനങ്ങളുണര്‍ന്നു. ഹൃദയം ചേര്‍ത്തുപിടിച്ച് പുരുഷാരം വാദ്യക്കാരുടെ പെരുക്കങ്ങളിലേക്ക്. ആദ്യ താളവട്ടം കഴിഞ്ഞതോടെ മദ്ദളം മുഖം കൊട്ടി. പിന്നെ താളവട്ടം. കൂട്ടിക്കൊട്ടും കഴിഞ്ഞ് പതികാലത്തില്‍നിന്ന് രണ്ടാംകാലത്തിലേക്കു കൊട്ടിക്കയറി. അക്ഷരകാലത്തിലെ പതികാലത്തില്‍ തിമിലയില്‍ മാന്ത്രികവിരലുകള്‍ സ്പര്‍ശിച്ചപ്പോള്‍ തന്നെ ആസ്വാകരുടെ കൈകള്‍ ആകാശത്ത് നൃത്തമാടിത്തുടങ്ങി. കോട്ടയ്ക്കല്‍ രവി മദ്ദളത്തിലും പല്ലശന സുധാകരന്‍ ഇടയ്ക്കയിലും മച്ചാട് മഠത്തിലാത്ത് മണികണ്ഠന്‍ കൊമ്പിലും ചേലക്കര സൂര്യനാരായണന്‍ താളത്തിലും പ്രമാണം വഹിച്ചു. പഞ്ചവാദ്യം മൂന്നാംകാലത്തിലേക്ക് കടന്നതോടെ മഠത്തില്‍ന്നും മൂന്നാനകളും സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചു. വടക്കുംനാഥ ക്ഷേത്രാങ്കണത്തിലേക്ക് ആളും ആരവവുമായി.. പൂരം കൊട്ടിക്കയറി.

See also  ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Leave a Comment