നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തൊണ്ടിമുറിയിൽ കള്ളൻ കയറി. പൂട്ട് തകർത്താണ് കള്ളൻ അകത്തു പ്രവേശിച്ചത്. ജീവനക്കാരൻ മുറി തുറക്കാനെത്തിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. കോടതി അധികൃതർ വിവരമറിയിച്ചതോടെ എസ്ഐ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മുറിയിലെ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. എന്തെങ്കിലും നഷ്ടമായോ എന്നു വിശദമായ പരിശോധനയ്ക്കു ശേഷമേ മനസ്സിലാക്കാൻ സാധിക്കൂ. ഒരു ചുറ്റിക സമീപത്തുണ്ടായിരുന്നെങ്കിലും ഇതു തൊണ്ടി മുതലാണോ മോഷ്ടാവ് ഉപേക്ഷിച്ചതാണോ എന്നറിയില്ല. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വി.ജി.ബിജു, പോക്സോ കോടതി ജില്ലാ ജഡ്ജ് എം.സുഹൈബ് എന്നിവർ സ്ഥലത്തെത്തി.