സ്ത്രീകൾക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കെ.കെ രമ എംഎൽഎ. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റാണെന്നും പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ലെന്നും രമ പറഞ്ഞു. താൻ അടക്കമുള്ള വനിതാ പൊതുപ്രവർത്തകർ സൈബർ ആക്രമണത്തിന്റെ ഇരകളാണെന്നും, ശൈലജയുടെ പേരിൽ പ്രചരിക്കുന്ന വീഡിയോ താൻ കണ്ടിട്ടില്ലെന്നും ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞതിനെ മുഖവിലയ്ക്കെടുത്താണ് പ്രതികരിക്കുന്നതെന്നും കെ.കെ രമ വിശദീകരിച്ചു.
അതേസമയം കെ.കെ.ശൈലജ ഉന്നയിക്കുന്ന സൈബർ ആക്രമണ പരാതി നുണ ബോംബെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. ഒരു സ്ഥാനാർഥിയെയും അപമാനിക്കുന്ന രീതി യുഡിഎഫ് സ്വീകരിക്കില്ലെന്നും ഇരുപത് ദിവസം മുൻപ് ശൈലജ പരാതി നൽകിയിട്ടും മുഖ്യമന്ത്രിയും പൊലീസും എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. കെ.കെ.രമ, ഉമ തോമസ് തുടങ്ങിയവരെ സിപിഎം നേതാക്കൾ പരസ്യമായി അപമാനിച്ചപ്പോൾ കെ.കെ ശൈലജ എവിടെയായിരുന്നുവെന്നും, എം എം.മണി നാട്ടിലെങ്ങും നടന്ന് സ്ത്രീകളെ അപമാനിച്ചപ്പോഴും ആരെയും കണ്ടില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.