തൃശൂർ : തൃശ്ശൂർ പൂരത്തിന്റെ(THRISSUR POORAM) മുന്നോടിയായി ഇന്നു നടക്കുന്ന സാംപിൾ വെടിക്കെട്ടു മുതൽ ഉപചാരം ചൊല്ലി പിരിയും വരെ ആതൃശൂർപൂരം സൗജന്യ ആംബുലൻസ് സേവനവുമായി ആക്ട്‌സ് (ACTS) പ്രവർത്തകരുടെ സന്നദ്ധ സേവനം ഉണ്ടായിരിക്കും. തൃശൂർപൂരം നാളുകളിൽ സൗജന്യ ആംബുലൻസ് സേവനവും പൂരദിനത്തിൽ സൗജന്യ ഭക്ഷണ, കുടി വെള്ള വിതരണവുമായി അപകട രക്ഷാപ്രവർത്തന രംഗത്തെ സന്നദ്ധ സംഘടനയായ ആക്ട്‌സ് തൃശൂർ കോർപറേഷനുമായി സഹകരിച്ചാണു സേവനമൊരുക്കുന്നത്.
പാറമേക്കാവു ക്ഷേത്രത്തിനു സമീപം പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആക്ട്സ് തൃശൂർ ബ്രാഞ്ച് ഓഫിസിനു മുൻവശത്ത് 19നു തൃശൂർ പൂരദിവസം രാവിലെ 11 മുതൽ ചപ്പാത്തിയും കറിയും കുടിവെള്ളവും വിതരണം ചെയ്യും. ഇലഞ്ഞിത്തറ മേളവും കുടമാറ്റവും നടക്കുന്നിടങ്ങളിലേക്ക് ആക്‌ട്‌സ് പ്രവർത്തകർ കുപ്പിവെള്ളം എത്തിക്കും. ആരോഗ്യവകുപ്പുമായി സഹകരിച്ച് കുടമാറ്റ സമയത്ത് ഒആർഎസ് ലായനി വിതരണവും ഉണ്ടാകുമെന്ന് മേയറും സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ എം.കെ.വർഗീസ് പറഞ്ഞു.
ചൂടിൽ തളരുന്നവരെയും ശാരീരിക അസ്വാസ്ഥ്യത്താൽ കുഴഞ്ഞുവീഴുന്നവരെയും ആശുപത്രിയിൽ എത്തിക്കാൻ ആക്ട്സിൻ്റെ 12 അംഗ സ്ട്രെച്ചർ ടീം പ്രവർത്തിക്കുമെന്ന് ജില്ലാ വൈസ് പ്രസിഡൻ്റ് ടി.എ.അബൂബക്കർ, സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.
ആക്ട്‌സും ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്‌പിറ്റലും ചേർന്ന്പൂരത്തിനിടെ നഗരത്തിലെ വിവിധ ഇടങ്ങളിൽ മെഡിക്കൽ, കാൻസർ സൗജന്യ നിർണയ സൗകര്യമൊരുക്കും. അൾട്രാ സൗണ്ട് സ്കാൻ, ദന്തചികിത്സ, പല്ലിന്റെ എക്സ്റേ, സൗജന്യ ബിപി, ഓക്സിജൻ പൾസ് റേറ്റ് എന്നീ പരിശോധനകളും ഡോക്ടർമാരുടെ സേവനവും ഓരോ ക്യാംപിലുമുണ്ടാകും. ഇന്നലെ പൂരം പ്രദർശന നഗരിയിൽ സ്ക്രീനിങ് ക്യാംപിനു തുടക്കമായി. ഇന്നും നാളെയും 9 മുതൽ 5.30 വരെ കൗസ്തുഭം ഹാൾ, പാറമേക്കാവ് ക്ഷേത്രം ‘പരിസരങ്ങളിലും 19നു രാവിലെ
8 മുതൽ സ്വരാജ് റൗണ്ടിൽ പൂർണ സമയവും 20നു പകൽപ്പൂരം ദിനത്തിൽ കുറുപ്പം റോഡ് പരിസരത്തും മൊബൈൽ സ്ക്രീനിങ് വാഹനം ഉണ്ടാകും.
തൃശൂർപൂരം സൗജന്യ ആംബുലൻസ് സേവനവുമായി ആക്ട്സ്
Written by Taniniram1
Published on: