മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ 17 ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു. കമ്പനി സിഇഒ ഡാനിയേൽ ഇകെയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ചെലവ് ചുരുക്കുന്നതിനും വേണ്ടിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
2023 ജൂണിൽ സ്‌പോട്ടിഫൈയുടെ പോഡ്‌കാസ്റ്റ് യൂണിറ്റിൽ നിന്ന് 200 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ സ്പോട്ടിഫൈയിലെ 1500 ഓളം പേർക്ക് ഈ വർഷം ജോലി നഷ്ടമാകുമെന്നാണ് കണക്ക്. ബിസിനസ് വളർത്താൻ പണം കണ്ടെത്തുന്നതടക്കമുള്ള ചെലവുകൾ കൂടിവരികയാണ്. ഈ ഒരു സാഹചര്യത്തിലാണ് ചെലവുകൾ നിയന്ത്രിക്കുന്നതിനെ കുറിച്ചും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചും സ്പോട്ടിഫൈ ആലോചിച്ചതെന്ന് ഡാനിയേൽ ഇകെ പങ്കുവെച്ച ബ്ലോഗിൽ വ്യക്തമാക്കി.
ജോലി ചെയ്ത ജീവനക്കാർക്ക് അവരുടെ സേവനം കണക്കിലെടുത്തും ഇതുവരെ ഉപയോഗപ്പെടുത്താത്ത അവധി ദിനസങ്ങൾക്ക് ആനുപാതികമായും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകും. ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങൾ കുറച്ച് നാൾ കൂടി തുടരുമെന്ന് കമ്പനി വ്യക്തമാക്കി.