വിഷുക്കണിയുടെ ഓർമ്മയ്ക്ക്…..

Written by Taniniram1

Published on:

കെ. ആർ. അജിത

നാളെ വിഷു (vishu) .. കാർഷിക സമൃദ്ധിയുടെ ഉത്സവം ആയിട്ടാണ് വിഷു കേരളീയർ ആഘോഷിച്ചു വരുന്നത്. വിഷുവിന്റെ ഐതിഹ്യം പുരാണ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തി ഒട്ടേറെ കഥകൾ നമുക്കറിയാം. വർഷം തുടങ്ങുന്ന മേടം ഒന്നിന് വിഷു വരുമ്പോൾ അടുത്തവർഷത്തെ കാർഷിക സമൃദ്ധിക്കായി പ്രാർത്ഥനകളോടെ കണി കാണുന്ന സംസ്കാരമാണ് മലയാളികൾ അനുവർത്തിച്ചു പോരുന്നത്. മാർച്ച് മാസത്തോടെ പ്രകൃതി തന്നെ വിഷുവിനായുള്ള ഒരുക്കങ്ങൾ തുടങ്ങിവയ്ക്കും. കണിക്കൊന്ന പൂക്കുന്നത് കൂടുതലും മാർച്ച് ഏപ്രിൽ മാസങ്ങളിലാണ്. ഭഗവാൻ ശ്രീകൃഷ്ണന്റെ അരഞ്ഞാണമാണ് കണിക്കൊന്നയായി പൂത്തു വിടരുന്നതെന്ന ഒരു ഐതിഹ്യം കൂടി വിഷുവിനെ സംബന്ധിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്.

വിഷുവിന് കണി ഒരുക്കുക എന്നതാണ് മലയാളികളുടെ പ്രാധാന്യമേറിയ ഒന്ന്. കൊയ്തെടുത്ത നെല്ലും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന എല്ലാ കാർഷിക വിഭവങ്ങളും ഒരു തട്ടിൽ ഒരുക്കി വെച്ച് ഭഗവാന്റെ വിഗ്രഹത്തിനു മുന്നിൽ നിലവിളക്കിന്റെ ശോഭയിൽ ഒരുക്കി വയ്ക്കുന്നു കൂടാതെ പുതുവസ്ത്രവും വാൽക്കണ്ണാടിയും സ്വർണ്ണവും നാണയങ്ങളും എല്ലാം അടങ്ങുന്ന കണി കാണുന്നതു തന്നെ ആ വർഷം സമ്പൽസമൃദ്ധിയുടെയും സമാധാനത്തിന്റെയും വർഷമായി മാറും എന്നതാണ് സങ്കല്പം. അതിനുള്ള അനുഗ്രഹം ഭഗവാൻ നൽകുന്നതിനാണ് കണിവെച്ച് നമ്മൾ മലയാളികൾ പ്രാർത്ഥിക്കുന്നത്. നമ്മൾ മലയാളികൾ വിഷുകട്ട ഉണ്ടാക്കുന്നതിനും ഒരു ഐതിഹ്യം കൂടിയുണ്ട്. കുത്തരിയിൽ തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കുന്ന വിഭവമാണ് വിഷുകട്ട . ചതുരത്തിൽ കട്ട പോലെ ഉണ്ടാക്കിയെടുക്കുന്ന ഈ വിഭവം കൊണ്ട് ഉദ്ദേശിക്കുന്നത് പ്രകൃതി ദുരന്തങ്ങൾ വരാതെ കാക്കാൻ കട്ട വച്ച് അടയ്ക്കുക എന്നൊരു സങ്കല്പം കൂടി ഇതിനുണ്ട്. തുടർന്ന് വർഷക്കാലത്തിനുശേഷം ചിങ്ങത്തിലാണ് വീണ്ടും ഒരു ഉത്സവകാലത്തിനായി നമ്മൾ ഒരുങ്ങുന്നത്. അങ്ങനെ വിഷു സംബന്ധിച്ച് ഒട്ടേറെ കഥകളും പാഠഭേദങ്ങളുമായി ചരിത്രത്തിൽ ഇടം പിടിക്കുമ്പോൾ… വീണ്ടും ഒരു വിഷു ആഘോഷത്തിലേക്ക് നമ്മൾ എത്തിയിരിക്കുന്നു. കണിക്കൊന്ന പൂവിന്റെ നൈർമല്യമുള്ള ഒരു വിഷു ആകട്ടെ എല്ലാവർക്കും എന്ന് ആശംസിക്കുന്നു.

Leave a Comment