തെരഞ്ഞെടുപ്പ്, ഉത്സവക്കാലം : ലഹരിക്കടത്ത് തടയാന്‍ കടല്‍,അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന

Written by Taniniram1

Published on:

തൃശൂര്‍ : തെരഞ്ഞെടുപ്പ്, വിഷു ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടല്‍വഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍ അഴീക്കേട്, മറൈന്‍ എന്‍ഫോഴസ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ കടലില്‍ സംയുക്ത പരിശോധന നടത്തി. അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ്. പോളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജമദ്യം, സ്പിരിറ്റ്, കഞ്ചാവ് എത്തുന്നതിനും വിപണനം നടത്തുന്നതിനും സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് പരിശോധനയും പട്രോളിങും നടത്തിയത്.

കരയില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ എല്ലാ മത്സ്യബന്ധന യാനങ്ങളും പരിശോധിച്ചു. അഴീക്കോട് മുതല്‍ കപ്രിക്കാട് വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് കടലില്‍ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കിയത്. ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കടല്‍ മാര്‍ഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്. ഇങ്ങനെ എത്തുന്ന മദ്യം നേരത്തെ അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി.

വാടാനപ്പിള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജ്, പ്രിവന്റീവ് ഓഫീസര്‍ സി ഫല്‍ഗുണന്‍, എക്സൈസ് ഗാര്‍ഡുമാരായ ശശിധരന്‍, ഗിരീഷ്, മറൈന്‍ എന്‍ഫോഴസ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് വിഭാഗം ഓഫീസര്‍ വി.എന്‍. പ്രശാന്ത് കുമാര്‍, സീ റെസ്‌ക്യു ഗാര്‍ഡുമാരായ പ്രമോദ്, അജിത്, സ്രാങ്ക് റസാക്ക്, മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന എക്സൈസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കടലില്‍ ഫിഷറീസ് വകുപ്പിന്റെ സീ റെസ്‌ക്യു ബോട്ടില്‍ പരിശോധന നടത്തിയത്. ഏപ്രില്‍ ആറ് മുതല്‍ തുടങ്ങിയ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് 29 വരെ തുടരും. സംശയകരമായ യാനങ്ങളോ ആളുകളേയോ കടലില്‍ കണ്ടാല്‍ ഉടനെ ഫിഷറീസ് സ്റ്റേഷനില്‍ അറിയിക്കുന്നതിന് മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

See also  തമാശയ്ക്ക് ബാഗിൽ ബോംബാണെന്ന് പറഞ്ഞ ആൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ…

Leave a Comment