തൃശൂര്‍: ഡോ. ബി.ആര്‍. അംബേദ്കറുടെ 133-ാം ജന്മദിനത്തില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ബ്രാഹ്മണ്യ ഫാസിസത്തിനെതിരേ ജയ്ഭീം റാലി സംഘടിപ്പിക്കുമെന്ന് അംബേദ്കര്‍ ജന്മദിനാഘോഷ സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. ലോകവിജ്ഞാനദിനമായിട്ടാണ് ലോകമെങ്ങും അംബേദ്കറുടെ ജന്മദിനം ആഘോഷിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളടക്കം ഭരണഘടനാശില്‍പ്പിയെ അവഗണിക്കുകയാണ്. രാജ്യത്തെങ്ങും ദലിത്, ആദിവാസി, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയസാഹചര്യത്തിലും തെരഞ്ഞെടുപ്പ് വേളയിലും ജനാധിപത്യത്തിന്റെ ആഘോഷമെന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൈകിട്ട് മൂന്നിന് തൃശൂർ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ തയ്യാറാക്കുന്ന അംബേദ്കര്‍ പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചനയും പൊതുയോഗവും നടക്കും. ഭരണഘടനയില്‍ തൊട്ട് സമത്വത്തിനും സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രതിജ്ഞയെടുക്കും. വാദ്യകലാവതരണവുമുണ്ടാകും. തൃശൂർ റൗണ്ട് ചുറ്റി നടത്തുന്ന റാലി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ സമാപിക്കും. കേരള എസ്.സി, എസ്.ടി. ഫെഡറേഷന്റെ നേതൃത്വത്തില്‍ ജന്മദിനാഘോഷ സംഘാടക സമിതി നടത്തുന്ന പരിപാടിയില്‍ വിവിധ സാമൂഹിക സംഘടനാപ്രതിനിധികള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളത്തില്‍ സമിതി ചെയര്‍മാന്‍ കെ. വാസുദേവന്‍, ജനറല്‍ കണ്‍വീനര്‍ നിഷ രാജേഷ്, വൈസ് ചെയര്‍മാന്‍ അജിത നാരായണന്‍, മീഡിയ കോ ഓര്‍ഡിനേറ്റര്‍ കൃഷ്ണന്‍ എരഞ്ഞിക്കല്‍ എന്നിവര്‍ പങ്കെടുത്തു.