തൃശൂര്‍ : ഓരോ ദിവസവും സി.പി.എം. ജില്ലാ കമ്മിറ്റിയുടെ പുതിയ പുതിയ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തു വരുന്നതിനുസരിച്ച് ബി.ജെ.പിയുടെ വിലപേശല്‍ കൂട്ടി കൂട്ടി വരികയാണെന്ന് കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം അനില്‍ അക്കര. സി.പി.എം. -ബി.ജെ.പി. ഡീല്‍ കൂടുതല്‍ ഉറപ്പിക്കുന്ന നടപടികളാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും മോദി പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തത് ഡീലിന്റെ ഭാഗമാണെന്ന് അനില്‍ അക്കര ആരോപിച്ചു. ഈ അന്വേഷണം ഒരു വാച്ച് ഡോഗിനെപോലെ തങ്ങള്‍ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ കേസില്‍ അന്വേഷണം അടിയന്തരമായി തീര്‍ക്കാന്‍ ഹൈക്കോടതി പറഞ്ഞിട്ടും പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ അന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തിലാക്കണം. ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍
സ്വതന്ത്ര്യമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അനില്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി ഇ.ഡി. അന്വേഷണത്തോട് സഹകരിക്കില്ലെന്ന്
പറഞ്ഞിട്ടും ഇ.ഡിയോട് തൃശൂരിലെ നേതാക്കള്‍ സഹകരിക്കുന്നത് ജില്ലയിലെ സി.പി.എം. നേതാക്കള്‍ പാര്‍ട്ടിയെ ഉപയോഗിച്ച് തട്ടിപ്പ്
നടത്തിയത് കൊണ്ടാണ്. അതുകൊണ്ട് തന്നെ സി.പി.എം. ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടണമെന്ന മുന്‍ ആവശ്യം വീണ്ടും ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. സി.പി.എം -ബി.ജെ.പി. ഡീല്‍ ജില്ലയിലെ മതേതര വിശ്വാസികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.