വ്യാജ ഒപ്പിട്ടു പണം തട്ടി

Written by Taniniram1

Published on:

പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ കൺസോർഷ്യം അക്കൗണ്ടിൽ നിന്നും സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ഒന്നര ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പയ്യനം വാർഡിലെ അംഗവും കൺസോർഷ്യം പ്രസിഡന്റുമായ സിൻ്റലിക്കെതിരെ പീച്ചി പോലീസ് കേസെടുത്തു. വ്യാജ ഒപ്പിട്ടും ചെക്കിലെ തുക തിരുത്തിയുമാണ് തട്ടിപ്പ് നടത്തിയത്. പ്ലാസ്റ്റിക് മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ ആയി ഈടാക്കുന്ന തുക ഹരിതകർമ്മ സേനയുടെ പേരിലുള്ള കൺസോർഷ്യം ബാങ്ക് അക്കൗണ്ടിൽ അതിന്റെ ചുമതലയുള്ള പ്രസിഡന്റ് സെക്രട്ടറി എന്നിവരുടെ പേരിലാണ്നിക്ഷേപിക്കുന്നത്. ഓഡിറ്റിംഗ് വിഭാഗം തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പദ്ധതിയുടെ നിർവഹണച്ചുമതലയുള്ള വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ്കേസെടുത്തിരിക്കുന്നത്.

ഗ്രാമീൺ ബാങ്കിന്റെ പട്ടിക്കാട് ശാഖയിൽ നിന്നുമാണ് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് സിന്റലി പണം പിൻവലിച്ചത്. ഇതു കൂടാതെ ഒരു ചെക്കിൽ 4000 രൂപ എന്നെഴുതി സെക്രട്ടറിയുടെ ഒപ്പ് വാങ്ങിയ ശേഷം 4000 ത്തിന് മുമ്പ് 3 എന്ന അക്കമെഴുതിച്ചേർത്ത് 34000 രൂപയും ബാങ്കിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. ആകെ ഒരു ലക്ഷത്തി അമ്പത്തിനാലായിരം രൂപ തട്ടിയെടുത്തതായാണ് ഓഡിറ്റിംഗ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇതിനിടെ നാലു ദിവസം മുമ്പ് ആത്മഹത്യാശ്രമം നടത്തിയതിനെ തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് സിന്റലി.

Leave a Comment