കുടിക്കാം!! നറുനീണ്ടി സർബത്ത്!!!

Written by Taniniram1

Published on:

കെ. ആർ. അജിത

നാടും നഗരവും സൂര്യതാപത്താൽ ചുട്ടുപൊള്ളുമ്പോൾ തണുത്ത പാനീയങ്ങൾ ജനങ്ങൾക്ക് ആവേശമായി മാറുന്നു. ഗ്രാമങ്ങളിൽ വീടുകളോട് ചേർന്നും വലിയ ഷോപ്പിംഗ് കോംപ്ലക്സിനോട് ചേർന്നും നഗരത്തിൽ വലിയ ഷോപ്പിന്റെ അരികിൽ ചെറിയ സംവിധാനങ്ങൾ ഒരുക്കിയും ശീതള പാനീയ കച്ചവടം തകൃതിയായി നടന്നുവരുന്നു. തൃശ്ശൂരിൽ ചെമ്പോട്ടിൽ ലൈനിൽ അമ്മ ലോട്ടറി ഏജൻസിയുടെ അരികിൽ ഒരു കൊച്ചു ജ്യൂസ്ഷോപ്പ്. തണുത്ത ജ്യൂസുകളുടെ കലവറയാണ്. പനമുക്ക് സ്വദേശിനി സുനിതയും മകനുമാണ് വെറൈറ്റി ജ്യൂസുകളുണ്ടാക്കി വേനൽ ചൂടിൽ കുളിർമ പകരുന്നത്. രാവിലെ ഒമ്പതിന് തന്നെ ജ്യൂസ് കടയിൽ ആളും ആരവവും തുടങ്ങും.

ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കിട്ടുന്ന ഒന്നാണ് നറുനീണ്ടി നാരങ്ങാ സർബത്ത്. പഞ്ചസാര വറുത്ത് അതിൽ പച്ചമരുന്നും ഔഷധവും ആയ നറുനീണ്ടി ചതച്ചിട്ട് വെള്ളം ഒഴിച്ച് തിളപ്പിക്കുന്ന സിറപ്പ് അരിച്ച് എടുക്കുന്നതാണ് നറുനീണ്ടി സിറപ്പ്. നറുനീണ്ടി സിറപ്പിൽ വെള്ളമോ സോഡയോ ചേർത്ത് അല്പം ചെറുനാരങ്ങാ നീരും ചേർത്താൽ. വേണമെങ്കിൽ രണ്ട് ഐസ്ക്യൂബ്സും ചേർത്താൽ ആഹാ!!! എന്താണൊരു സ്വാദ്. ദാഹവും ക്ഷീണവും മാറി ഊർജ്ജസ്വലതയും മനസ്സിനും ശരീരത്തിനും കുളിർമ പകരുന്ന ഒരു സുഖ ശീതള പാനീയമാണ് നറുനീണ്ടി.

നറുനീണ്ടി സോഡാ സർബത്തിന് 25 രൂപയും നറുനീണ്ടി പാൽ സർബത്തിന് 30 രൂപയും നറുനീണ്ടി നാരങ്ങാ സർബത്തിന് 20 രൂപയുമാണ് പൊതുവേ വില. കൂടാതെ വിപണിയിൽ ലൈം സർബത്തിൽ തന്നെ വെറൈറ്റികൾ കൊണ്ട് സമ്പന്നമാണ് ഈ കൊച്ചു ജ്യൂസുകടയിൽ. മിന്റ് ലൈം, ബൂസ്റ്റ് ലൈം,, ഹോർലിക്സ് ലൈം എന്നിങ്ങനെ പോകുന്നു വേനൽക്കാല ശീതള പാനീയങ്ങൾ. പ്രമേഹം ഉള്ളവർക്ക് സ്പെഷ്യൽ വെജിറ്റബിൾ ലൈമും വിപണിയിൽ ലഭ്യമാണ്. കാരറ്റ് ബീറ്റ് റൂട്ട്,, ആപ്പിൾ എന്നിവയിൽ കുറച്ച് ഐസ്ക്രീം കൂടി ചേർത്ത് തണുപ്പിച്ചെടുക്കുന്ന വെജിറ്റബിൾ ജ്യൂസ് ആരോഗ്യത്തിനും തണുപ്പിനും സൂപ്പർ ആണെന്ന് സുനിത പറയുന്നു. ഐസ്ക്രീം ഒഴിവാക്കിയാൽ പ്രമേഹം ഉള്ളവർക്ക് ഒരു ഭയവും കൂടാതെ ഈ പാനീയം കഴിക്കാവുന്നതാണ്.

കടുത്ത വേനലിന്റെ അസഹ്യതയിൽ നമുക്ക് ശരീരത്തിൽ ജലാംശം നിലനിർത്തിയില്ലെങ്കിൽ പല അസുഖങ്ങൾ നേരിടേണ്ടി വന്നേക്കാം. ശരീരോഷ്മാവ് കുറയ്ക്കാനും ശരീരത്തിൽ തണുപ്പ് നിലനിർത്താനും ഈ വേനൽക്കാലത്ത് തണുത്ത ജ്യൂസുകൾ ധാരാളം കഴിക്കുന്നത് നല്ലതാണ്. പ്രകൃതിയിൽ നിന്നും കിട്ടുന്ന ഔഷധഗുണമുള്ള നറുനീണ്ടി പോലുള്ള പാനീയങ്ങൾ ശരീരത്തിന് ദോഷം ചെയ്യാത്ത ഒന്നാണ്. നറുനീണ്ടി വാങ്ങി വീട്ടിൽ തയ്യാറാക്കി വയ്ക്കുന്നവരും വിരളമല്ല. ആരോഗ്യ ദായിനിയായ നറുനീണ്ടി സർബത്ത് എല്ലാവരും ആസ്വദിച്ച് വാങ്ങി കഴിക്കുന്ന സുഖ ശീതള പാനീയമായി മാറികഴിഞ്ഞു.

Leave a Comment