‘ലൈഫിന്’ വേഗത പോരാ

Written by Taniniram Desk

Published on:

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മുന്നോട്ടു നീങ്ങണമെങ്കിൽ എല്ലാവരും ഒരുപോലെ മനസ്സ് വയ്ക്കണം. ആ മനസ്സ് ഉണ്ടാകേണ്ടത് വി.ഇ.ഒ മാർക്കാണ്. കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന ‘ലൈഫ്’ കൈകാര്യം ചെയ്യുന്നത് വി.ഇ.ഒ മാരാണ് .കൃത്യനിഷ്ഠ പാലിക്കാത്ത ബഹു ഭൂരിപക്ഷം വി.ഇ.ഒ മാരും ഗുണഭോക്താക്കളുടെ ക്ഷമയാണ് പരീക്ഷിക്കുന്നത്.സ്വപ്ന പദ്ധതിയായ ലൈഫ് സമയബന്ധിതമായി പൂർത്തിയാക്കണമെങ്കിൽ ലൈഫ് മിഷൻ എന്ന യൂണിറ്റിനെ സജീവമാക്കണം .സമ്പൂർണ ഭവന പദ്ധതിയായ ലൈഫിൻ്റെ മേൽനോട്ട ചുമതലയുള്ള ലൈഫ് മിഷൻ യൂണിറ്റ് നിർജീവാവസ്ഥയിലാണ് ഇഴഞ്ഞു നീങ്ങുന്നത്. ഇതിൽ എന്ത് ഇടപെടലാണ് മിഷൻ നടത്തുന്നത് എന്ന ചോദ്യവും പൊതു സമൂഹത്തിൽ നിന്നും ഉയർന്നു വരുന്നുണ്ട്.

എല്ലാ൦ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നോക്കിക്കൊള്ളട്ടെ എന്ന ക്ളീഷേ ഡൈലോഗ്സ് തട്ടി വിട്ട് റിവോൾവർ കസേരയിൽ അമർന്നിരുന്നു തെക്കോട്ടും വടക്കോട്ടും കറങ്ങിയാൽ എല്ലാം ശരിയാകുമോ.? പണമില്ലെന്ന കാരണമാണ് ഇപ്പോൾ കേൾക്കുന്നത്. എന്നാൽ പണം ആവശ്യത്തിന് നല്കിയിരുന്നപ്പോൾ എല്ലാം റോക്കറ്റ് വേഗതയിൽ ആയിരുന്നോ എന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്. ഇച്‌ഛാശക്തിയില്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇത്തരം പദ്ധതികൾ കൈകാര്യം ചെയ്യുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഓരോ വർഷവും പ്ലാൻ ഫണ്ടിൽ നിന്നും 20 മുതൽ 50 പേർക്കാണ് തുക അനുവദിക്കുന്നത്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 20 നു താഴെയായിരിക്കും പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിക്കുന്നത്. അങ്ങനെയെങ്കിൽ നിലവിൽ അന്തിമ പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് ഇതൊക്കെ എന്ന് കൊടുത്തു തീർക്കാനാകും. 4 ലക്ഷം പേർക്ക് അടച്ചുറപ്പുള്ള വീടാകുമ്പോൾ 40 ലക്ഷം പേർ ഊഴം കാത്ത് പുറത്തു നിൽക്കുന്നുണ്ട്.

Leave a Comment