കെ. ആർ. അജിത
വീണ്ടും ഒരു മധ്യവേനൽ അവധികളിലേക്ക് കടക്കുകയാണ് ബാല്യ കൗമാരങ്ങൾ. പഠിത്തത്തിന്റെയും പരീക്ഷ ആധിയുടെയും വിലക്കുകളില്ലാതെ കുട്ടികൾ കളിച്ചും ചിരിച്ചും മാവിൽ കയറിയും മാമ്പഴത്തിനും ഞാവൽ പഴത്തിനും വേണ്ടി കലഹിച്ചും പിണങ്ങിയും ഇണങ്ങിയും സുന്ദരമായി കടന്നുപോകുന്ന കാലഘട്ടമാണ് രണ്ടുമാസം കിട്ടുന്ന ഈ അവധിക്കാലം. ഇന്റർനെറ്റും മൊബൈൽ ഫോണും ടിവിയും ഇല്ലാതിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. കുറച്ചു പഴയ തലമുറയുടെ കുട്ടിക്കാലം. ഇന്നും ഓർക്കുമ്പോൾ മയിൽപീലി ചന്തം നിറയ്ക്കുന്ന മിഴിവാർന്ന കാഴ്ചകളാണ്. മാവിൻ ചുനയുടെ മണമുള്ള ഓർമ്മ പൂക്കാലം.
സ്കൂൾ അടച്ചാൽ പണ്ടൊക്കെ അമ്മ വീട്ടിൽ വിരുന്നു പാർക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു. പലരുടെയും ഓർമ്മകളിൽ വസന്തം നിറയ്ക്കുന്ന ഒന്നാണ് അതെല്ലാം. കൊടകരയ്ക്ക് അടുത്ത് മറ്റത്തൂർ എന്ന തികച്ചും ഗ്രാമ്യതയുടെ നിഷ്കളങ്കത്വം തുളുമ്പുന്ന നാട്. കുറുമാലിപ്പുഴ നന്ദിനി പുഴ എന്ന പേരിൽ നിറഞ്ഞൊഴുകി വരുന്ന ആറ്റപ്പിള്ളി കടവ്നു അടുത്തുള്ള അമ്മ വീട്. പുഴയിൽ കുളിക്കാൻ പോകുന്നതിനിടെ തോർത്തുകൊണ്ട് മീൻ പിടിക്കാൻ അമ്മാവന്റെ മക്കളും കൂട്ടുകാരുമൊത്തൊരു കുട്ടീസംഘങ്ങളുടെ ആഘോഷാരവങ്ങളുടെ നിറ കാഴ്ച്ചകൾ. തുണി കഴുകുന്ന അമ്മമാരുടെ ശ്രദ്ധയിൽ പെടാതെ പതിയെ പുഴയിൽ ഇറങ്ങുമ്പോൾ കാലിൽ കിടക്കുന്ന വെള്ളികൊലുസിന്റെ നിഴൽ നോക്കി നിൽക്കുന്നത് അന്നത്തെ ബാല്യ കൗതുകങ്ങളിൽ ഒന്നായിരുന്നു. ഞങ്ങൾ കുട്ടിക്കൂട്ടങ്ങൾ പരസ്പരം വെള്ളം തെറിപ്പിച്ച് കളിച്ചതും പുഴയിൽ നീന്താൻ പഠിച്ചതും ഇന്നും ഓർമ്മയിൽ ഒളിമങ്ങാതെ നിൽക്കുന്നു. കുളികഴിഞ്ഞ്പുഴയോട് ചേർന്നുള്ള തൃക്കണ്ണാപുരം അമ്പലത്തിൽ ഓടി കളിച്ചതും എല്ലാം ഇന്നലെ നടന്നത് പോലെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നു. അമ്മവീട്ടിലെ കശുമാവിൻ തോപ്പുകളിൽ പച്ച കശുവണ്ടി പറിച്ച് കീറി തിന്നതിന്റെ രുചി ഇന്നും നാവിനെ കൊതിപ്പിച്ചു നിർത്തുന്നുണ്ട്. ജീവിതത്തിന്റെ ഏറ്റവും സുന്ദര സുരഭിലമായ നിമിഷങ്ങളിലൂടെയാണ് നാം ഓരോരുത്തരും ബാല്യ കൗമാരങ്ങളിൽ കൂടെ കടന്നു വരുന്നത്. ദാരിദ്ര്യത്തിന്റെയും വറുതിയുടെയും കാലങ്ങൾ കൂടെ ചേരുന്നുണ്ടെങ്കിലും കൂട്ടുകാരുടെ കൂടെയുള്ള ഓരോ നിമിഷങ്ങളും അനർഘമായിരുന്നു.
ഇന്നത്തെ കുട്ടികളിൽ സൗഹൃദത്തിന്റെ ഒരിക്കലും പൊട്ടാത്ത നൂലിഴകൾ ഉണ്ടോ എന്ന് സംശയമാണ്. കാലം മാറുംതോറും ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും തെളിമ എവിടെയൊക്കെയോ നഷ്ടപ്പെടുന്നുണ്ടെന്ന് പറയാതിരിക്കാൻ കഴിയില്ല. ഇന്ന് കുട്ടികളെ സ്വതന്ത്രമായി ബന്ധു വീടുകളിലേക്ക് പറഞ്ഞയക്കാൻ തന്നെ രക്ഷിതാക്കൾ മടിക്കുന്നു. കാലഘട്ടം വളരെ മോശമായി കൊണ്ടിരിക്കുന്നതാണ് രക്ഷിതാക്കളുടെ ഭയത്തിന് പിറകിൽ. അവധിക്കാലങ്ങളിലാണ് സൗഹൃദത്തിന്റെ ഇഴയടുപ്പം കൂടുതൽ ദൃഢമാകുന്നത്. പരസ്പരം കളിച്ചും ചിരിച്ചും തല്ലു കൂടിയും ഉള്ള ഒരു നല്ല മധ്യവേനൽ അവധി എല്ലാ കുട്ടികൾക്കും ഉണ്ടാവട്ടെ… ഓർമ്മയുടെ ചിമിഴിൽ ഒളിപ്പിച്ചു വെക്കാൻ,.. സുഗന്ധമുള്ള നിമിഷങ്ങളുടെ നൈർമല്യം നുകരാൻ….