ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി മുരളീധരനെതിരെ എൽഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സിൽ വിഗ്രഹത്തിന്റെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെയാണ് പരാതി. മാതൃക പെരുമാറ്റച്ചട്ടത്തി ഗുരുതരമായ ലംഘനമാണെന്ന് പരാതിയിൽ എൽഡിഎഫ് പറയുന്നു. ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സി ജയൻ ബാബു ആണ് പരാതി നൽകിയത്. ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വി മുരളീധരന്റെയും ചിത്രത്തിനൊപ്പം ‘ശ്രീ ജനാർദ്ദനസ്വാമിക്ക് പ്രണാമം’ എന്ന എഴുത്തും വിഗ്രഹത്തിന്റെ ചിത്രവുമാണ് ഫ്ലക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുവെന്നാണ് എൽഡിഎ ആരോപിക്കുന്നത്. അതേസമയം ഇക്കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിനെതിരെ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ചു യുഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ തോമസ് ഐസക്ക് ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു പരാതി. യുഡിഎഫിന്റെ്റെ പരാതിയിൽ ജില്ലാ കളക്ടർ തോമസ് ഐസക്കിനോട് വിശദീകരണം തേടി. മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം.