രണ്ടുദിവസം കേരളം മുഴുവൻ മുനയിൽ നിന്ന വാർത്തയായിരുന്നു കൊല്ലത്ത് ആറു വയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സംഭവം. പൊലീസിൻ്റേയും മാധ്യമങ്ങളുടേയും ജനങ്ങളുടേയും സംയുക്ത അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടത്. നിലവിൽ പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം സമാന രീതിയിൽ ഒരു സംഭവവും കൂടി കൊല്ലത്തു നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ അതേ രീതിയിൽ മറ്റൊരു വിദ്യാർത്ഥിനിയെ കൂടി തട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങൾ നടന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊട്ടാരക്കര വാളകത്ത് ട്യൂഷൻ ക്ലാസിലേക്ക് നടന്നു പോകുകയായിരുന്നു 12 വയസ്സുള്ള വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമുണ്ടായെന്നാണ് ആരോപിക്കുന്നത്.
റോഡിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ വാനിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് ആരോപണം. കുട്ടിയെ വാനിലെത്തിയ സംഘം ബലമായി വാഹനത്തിനുള്ളിലേക്ക് പിടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കുതറി മാറിയോടി താൻ രക്ഷപ്പെടുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് വ്യക്തമാക്കി. വാനിൽ എത്തിയവർ പെൺകുട്ടിയുടെ ബാഗിലാണ് പിടികൂടിയതെന്നും ബാഗ് ഉപേക്ഷിച്ച് പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് വിവരം. അതേസമയം കുട്ടി പറയുന്ന കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇത് സംബന്ധിച്ചു കൂടുതൽ അന്വേഷണം ആവശ്യമാണെന്നുമാണ് പൊലീസ് പറയുന്നത്.