ആർ എൽ വി രാമകൃഷ്ണന് നേരെയുള്ള അധിക്ഷേപം കേവലം വൈകാരികതയല്ല

Written by Taniniram1

Published on:

കെ. ആർ. അജിത

നൃത്തത്തിലും സംഗീതത്തിലും ജാതിയും നിറവും പ്രധാനമെന്നാണ് ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ (RLV RAMAKRISHNAN) വംശീയാധിക്ഷേപത്തിലൂടെ നൃത്തനിപുണയായ ഒരധ്യാപിക പറയുന്നത്. പേരെടുത്തു പറയാതെ ഒരു കലാകാരനെ, കലാകാരിയെ അധിക്ഷേപിച്ചാല്‍ അത് അധിക്ഷേപമല്ലാതിരിക്കുന്നില്ല. കേരളത്തിന്റെ പൊതുബോധത്തിന്റെ ഒരു വെളിപ്പെടുത്തലാണ് ഇതിലൂടെ വെളിവായത്.
ദളിതര്‍ക്കും കറുപ്പ് നിറത്തില്‍ ജനിച്ചവര്‍ക്കും ഈ നാട്ടില്‍ കലാകാരനോ കലാകാരിയോ ആയി വളരാനും ജീവിക്കാനും അവകാശം ഇല്ലേ? എന്നതാണ് പ്രധാനപ്പെട്ട ഒരു ചോദ്യം. കറുപ്പുനിറത്തില്‍ ജനിച്ചവര്‍ക്ക് നൃത്തം പഠിക്കാനോ ഒരു വേദിയില്‍ നൃത്തം ചെയ്യാനോ ഉള്ള അവകാശത്തെ നിഷേധിക്കുന്ന തരത്തിലാണ് കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം ഉണ്ടായത്. നൃത്തം ഉപാസനയായും ജീവിതമാര്‍ഗമായി കൊണ്ടുനടക്കുന്ന ഒരുപാട് കലാകാരന്മാരും കലാകാരികളും ഉള്ള ഒരു നാട്ടിലാണ് നാം. കറുത്ത നിറത്തില്‍ ജനിച്ചുപോയി എന്ന ഒരു കാരണത്താല്‍ കല ഉണ്ടാകാന്‍ പാടില്ല എന്നുണ്ടോ? മോഹിനിയാട്ടം കൂടുതലും ശൃംഗാരവും ഭക്തിയും നിറഞ്ഞ കൃതികളാണ് പൊതുവേ വേദികളില്‍ അവതരിപ്പിച്ചു കാണാറുള്ളത്. നൃത്തം എന്ന കലാരൂപം പ്രേക്ഷകനിലേക്ക് എത്തുന്നത് നര്‍ത്തകന്റെയോ നര്‍ത്തകിയുടെയോ അഭിനയചാതുരി കൊണ്ടാണ്. അവിടെ നിറത്തിനും വര്‍ഗ്ഗത്തിനും എന്താണ് പ്രസക്തി??

‘അവനെ കണ്ടാല്‍ കാക്കയെപ്പോലെ’ എന്ന അവരുടെ വാക്കുകളില്‍ തന്നെ ഒരു അറപ്പുണ്ട്. അവരുടെ ശബ്ദത്തില്‍ ഉണ്ടായിരുന്നതും അതുതന്നെ. ഇത്രയും ജീര്‍ണതയും വിഷവും അവരുടെ മനസ്സില്‍ ഉണ്ടെന്നല്ലേ നാം മനസ്സിലാക്കേണ്ടത്. ഇവരെ ഒരു കലാകാരിയായി കാണാന്‍ മലയാളികള്‍ക്ക് കഴിയുമോ? ‘ഇവനെ കണ്ടാല്‍ ദൈവം പോലും…. പെറ്റ തള്ള സഹിക്കില്ല’ എന്ന അവരുടെ ധാര്‍ഷ്ട്യവും പുച്ഛവും കലര്‍ന്ന വാക്കുകള്‍ കേട്ടപ്പോള്‍ മുന്‍പ് വായിച്ച അംബേദ്കറുടെ ജീവിതത്തിലേക്കാണ് എന്റെ മനസ്സ് പോയത്. അംബേദ്കര്‍ കുട്ടിയായിരുന്നപ്പോള്‍ മുടി വെട്ടുന്നതിനായി ബാര്‍ബര്‍ ഷോപ്പില്‍ പോയപ്പോള്‍ ദളിതന്‍ ആയതുകൊണ്ട് മുടിവെട്ടി കൊടുക്കാന്‍ ഷോപ്പ് ഉടമ വൈമനസ്യം കാണിച്ചു. കുട്ടിയായ അംബേദ്കര്‍ ‘ഞാനും ഒരു മനുഷ്യന്‍ അല്ലേ’ എന്ന് ചോദിക്കുന്നുണ്ട്. അതുപോലെ ദളിതായി ജനിച്ച ഒരാള്‍ക്ക് കലാകാരന്‍ ആയിരിക്കാന്‍ ഈ നാട്ടില്‍ വിലക്കുണ്ടോ? കല എന്നുള്ളത് എല്ലാവര്‍ക്കും കിട്ടുന്ന ഒന്നല്ലല്ലോ ദൈവം അനുഗ്രഹിച്ചവര്‍ക്ക് മാത്രം ലഭിക്കുന്ന ഒന്നാണ്.

. ആര്‍.എല്‍.വി. രാമകൃഷ്ണന്‍ തന്റെ ദൈന്യതയില്‍ നിന്നും വളര്‍ന്ന് മുന്നോട്ടുപോയി നൃത്തത്തില്‍ പി.എച്ച്.ഡി. വരെ എത്തിയതില്‍ അസൂയ പൂണ്ട ഒരു മനസ്സില്‍ നിന്നും ഉയര്‍ന്ന രോഷമാണ് എന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്?? കലാമണ്ഡലം സത്യഭാമയുടെ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി. ഒരു കലാകാരി മറ്റൊരു കലാകാരനെ പേരെടുത്ത് പറയാതെ തന്നെ അധിക്ഷേപിച്ചതിനോട് ഒരിക്കലും സമരസപ്പെടാന്‍ കഴിയില്ല. ‘മോഹിനി’ ആയിരിക്കണം മോഹിനിയാട്ടം ചെയ്യേണ്ടത് എന്നാണ് അവര്‍ പറയുന്നത്. പിന്നെ എന്തിന് സംസ്ഥാന സര്‍ക്കാര്‍ ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടം സ്‌കൂള്‍, കോളേജ് തലത്തില്‍ മത്സര ഇനം ആക്കി?

See also  ശമ്പളം മാസം 7 ലക്ഷം… ചെലവഴിക്കേണ്ടതെങ്ങനെ എന്നറിയില്ല….

കേരളീയര്‍ ഇനിയും ഏറെ മാറാനുണ്ടെന്നാണ് ഈ വിവാദവും തെളിയിക്കുന്നത്. രാമകൃഷ്ണനു മാത്രമല്ല, സഹോദരന്‍ കലാഭവന്‍ മണിക്കും അതുപോലെയുള്ള കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും നേരെയുള്ള ജാതീയമായ അധിക്ഷേപം കേവലമൊരു വൈകാരികപ്രശ്‌നമല്ലെന്നു നാം തിരിച്ചറിയണം.

Leave a Comment