സാഹിത്യ കാരൻ വി.ടി നന്ദകുമാറിൻ്റെ പേരിൽ ഗ്യാലറി യ്ക്കുള്ള തുക കൈമാറി

Written by Taniniram1

Published on:

പുല്ലൂറ്റ് : ഐശ്വര്യ റസിഡൻ്റ് സ് അസ്സോസിയേഷൻ നിർമ്മിക്കുന്ന വി.എം. അരവിന്ദാക്ഷപണിക്കർ സ്മാരക വായനശാലയിൽ സാഹിതൃകാരൻ വി.ടി. നന്ദകുമാറിൻ്റേയും സഹധർമ്മിണി ലളിതനന്ദകുമാറിൻ്റേയും സ്മരണ നിലനിർത്തുന്നതിനായി “ഗ്യാലറി “ക്കുള്ള സ്പോൺസർഷിപ്പ് തുക അമ്പതിനായിരം രൂപ ഭാരവാഹികൾക്ക് കൈമാറി. അവരുടെ വീട്ടിൽ നടന്ന ചടങ്ങിൽ മകൾ പരിമള , മരുമകൻ വി. കരുണാകരൻ എന്നിവരിൽനിന്ന് അസ്സോസിയേഷൻ ഭാരവാഹികൾ ചേർന്ന് ചെക്ക് സ്വീകരിച്ചു. വി.ടി. നന്ദകുമാർ എന്ന സാഹിത്യകാരൻ എഴുതിയ നോവലുകളിൽ 8 എണ്ണം സിനിമയാക്കുകയും, 7 സിനിമകൾക്ക് തിരകഥ രചിക്കുകയും, 9 സിനിമകൾക്ക് സംഭാഷണം എഴുതുകയും ചെയ്തിട്ടുണ്ട്. സിനിമയ്ക്കും കൃതികൾക്കും ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിൻ്റെ മരണശേഷം കൊടുങ്ങല്ലൂരിൽ ഒരു അനുസ്മരണ സമ്മേളനം പോലും നടത്തിയിട്ടില്ലെന്നും, ജീവിച്ചിരുന്നപ്പോഴും അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ സാഹിത്യകാരനാണ് വി.ടി. യെന്നും കരുണാകരൻ പറഞ്ഞു. ഈ വായനശാലവഴി അദ്ദേഹത്തെ പുതുതലമുറക്ക് പരിചയപ്പെടുത്താൻ കഴിയട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ അസ്സോസിയേഷൻ പ്രസിഡണ്ട് സി.എസ്. തിലകൻ അധ്യക്ഷത വഹിച്ചു. വായനശാലയിലേക്ക് “ഗ്യാലറി “ക്കുള്ള ആദ്യത്തെ സ്പോൺസർഷിപ്പാണ് വി.ടി. യുടെ പേരിൽ ലഭിച്ചത്. പ്രശസ്തസാഹിത്യ കുടുംബത്തിൽ നിന്നുതന്നെ ആദ്യ സ്പോൺസർഷിപ്പ് ലഭിച്ചത് അഭിമാനവും ആണ്. ഇത് മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വി.ടി. ഉൾപ്പെടെയുള്ള മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായസാഹിത്യ- സാംസ്കാരിക നായകരെ പരിചയപ്പെടുത്തുന്ന വേദിയുണ്ടാക്കുവാൻ ശ്രമിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. സെക്രട്ടറി എൻ.വി. ലക്ഷ്മണൻ, എ.എസ് ബിജു, ഇ. രാജൻമേനോൻ, പി.ബി. ശശിധരൻ, എൻ. രാജശേഖരൻ എന്നിവർ സംസാരിച്ചു.

Leave a Comment