ആവണങ്ങാട്ടു കളരിയിലെ സങ്കടമകറ്റുന്ന ശങ്കരസുതൻ

Written by Taniniram1

Published on:

ജ്യോതിരാജ് തെക്കൂട്ട്

മധ്യകേരളത്തിലെ തൃശൂർ ജില്ലയിൽ പ്രസിദ്ധമായ തൃപ്രയാർ ക്ഷേത്രത്തിനടുത്തുള്ള പെരിങ്ങോട്ടുകര ഗ്രാമത്തിലാണ് സർവൈശ്വര്യ പ്രധാനായ ശ്രീ വിഷ്ണുമായ സ്വാമിയുടെ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവ വൈഷ്ണവ ശാക്തേയ സങ്കൽപ്പത്തിലുള്ള വിഷ്ണുമായ പ്രതിഷ്ഠയാണിവിടെ. ശ്രീ വിഷ്ണുമായയെ ചാത്തനായി സങ്കൽപ്പിച്ച് പ്രതിഷ്ഠ കഴിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സ്ഥാനങ്ങൾ അനവധിയുണ്ട്. എന്നാൽ ശ്രീ വിഷ്ണുമായ എന്ന ധർമ്മശാസ്താ സങ്കല്പം ആവണങ്ങാട്ടു മാത്രമാണുള്ളത്. ചാത്തന്മാരുടെ ആവാസകേന്ദ്രമെന്ന നിലയിൽ ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം.

ശ്രീ ആവണങ്ങാട്ടു കളരിയുടെ ഐതിഹ്യം പറയുമ്പോൾ പുരാതനമായ ആവണങ്ങാട്ടു കളരിയിൽ ഉണ്ണീത്തി എന്ന വലിയ കാരണവരുടെ മക്കളായിട്ട് ഉണ്ണിത്താമൻ , കേളുണ്ണി എന്നീ രണ്ട് പേർ ഇരട്ട സഹോദരങ്ങളായിട്ട് ജന്മം കൊണ്ടു. ശത്രു നിഗ്രഹത്തിനും, കാര്യപ്രാപ്തിക്കും വേണ്ടി ഇവർ രണ്ടുപേരും ചേർന്ന് പുഞ്ചനെല്ലൂരില്ലത്തെ ഭട്ടത്തിരിപ്പാടിൽ നിന്നും പവിത്രമായ ശ്രീ വിഷ്ണുമായോപാസന സ്വീകരിച്ച് തീവ്രമായ തപസിലൂടെ ഭഗവാനെ പ്രിതിപ്പെടുത്തി ശ്രീ ആവണങ്ങാട്ടിൽ തങ്ങളുടെ കളരിയോടു ചേർന്ന് ക്ഷേത്രം പണി കഴിപ്പിക്കുകയും അന്നത്തെ പ്രമുഖ തന്ത്രി കുടുംബാംഗങ്ങളുമായി ആലോചിച്ച് ഷേഡസാചാര തന്ത്ര വിധിപ്രകാരം ശ്രീ വിഷ്ണു മായയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കലിയുഗ വരദനായ ശ്രീ വിഷ്ണുമായ ഭഗവാൻ്റെ സാന്നിധ്യത്താൽ ധന്യമാണ് ഇവിടം. സ്നേഹ സ്വരൂപിയായ കരുണാമൂർത്തിയുടെ രൂപം ഒരു വശത്തും അനീതിക്കും അധർമ്മത്തിനുമെതിരെ രൗദ്രഭാവം പൂണ്ടു നിൽക്കുന്ന രൂപം മറുവശത്തും നിറഞ്ഞുനിൽക്കുന്ന ശ്രീ വിഷ്ണുമായയെ ഭക്ത്യാദരപുരസ്സരം മാത്രമെ ആരും സ്മരിക്കാറുള്ളു. ശ്രീ വിഷ്ണുമായയിൽ മായയായ് വിലയം ചെയ്ത ശ്രീ വിഷ്ണു ചൈതന്യത്തിന് രണ്ട് അർത്ഥമുണ്ട്. ലോക സംക്ഷണത്തിനും നിലനിൽപ്പിനും വേണ്ടി അനുസ്യൂതം പ്രവർത്തിക്കുന്ന മായ പ്രതിനിധാനം ചെയ്യുന്നത് ശക്തിസ്വരൂപിണിയായ പരാശക്തിയെയാണ്. ശിവൻ്റെ സംഹാര കർതൃത്വവും വിഷ്ണുവിൽ ഉൾക്കൊള്ളുന്ന സ്ഥിതിയും പരാശക്തിയിൽ വിലയം പ്രാപിച്ചിരിക്കുന്ന പ്രാപഞ്ചികമെന്ന ശക്തിയും ഉൾകൊണ്ടതാണ് ശ്രീ വിഷ്ണുമായയെന്ന ചൈതന്യം.

ആയിരകണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനും, കുടുംബത്തിനും എന്ന് പറയപ്പെടുന്നു. 1909 -ൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ “ആവണങ്ങാട്ടു കളരി പണിക്കരും ചാത്തന്മാരും ” എന്നൊരു ഖണ്ഡിക തന്നെയുണ്ട്. (കേരളത്തെ കുറിച്ചുള്ള അന്നത്തെ പഠനം) ആറാട്ടുപുഴ ഉത്സവത്തിന് തൃപ്രയാർ തേവര് പോകുമ്പോൾ അന്ന് രാവിലെ ആവണങ്ങാട്ടു കളരിയിൽ വന്ന് ശ്രീ വിഷ്ണുമായ സ്വാമിയെ ക്ഷേത്രത്തിലാക്കിയിട്ടാണ് തേവര് പൂരത്തിന് പോവുക എന്നൊരു കഥയുമുണ്ട്, അത് ഇപ്പോഴും നടന്നു വരുന്ന ചടങ്ങും കൂടിയാണ്. തൃപ്രയാർ ക്ഷേത്രവുമായി ഒരുപാട് ബന്ധങ്ങളും കൊടുക്കൽ വാങ്ങലുകളും ഇപ്പോഴുമുണ്ട്. ഇത്രയും കാലങ്ങളായി കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിലനിൽക്കുകയും ശ്രീ വിഷ്ണുമായ സങ്കൽപ്പം തലമുറകളായി ആരാധിച്ചു പോരുകയും ചെയ്യുന്ന ആവണങ്ങാട്ടു കുടുംബക്കാർ കേരള കളരി പണിക്കർ എന്ന വിഭാഗത്തിൽപെട്ടവരാണ് . പഴയ കാലത്ത് ഗുരുസ്ഥാനീയരാണെന്ന് പറയപ്പെട്ടിരുന്ന ഇവർ തങ്ങളുടെ കളരി സമ്പ്രദായത്തിൽ വരേണ്യവർഗ്ഗത്തിനും, അടിസ്ഥാനവർഗ്ഗത്തിനും ഒരുപോലെ അക്ഷരാഭ്യാസവും, ആയുധാഭ്യാസവും പഠിപ്പിച്ചിരുന്നു. നാല്പത്തീഴരടി കളരി ഇപ്പോഴും നിലനിൽക്കുന്നു.. വലിയ മാവിൻച്ചുവട്ടിൽ വലിയച്ഛൻ കൊട്ടിലിലായി ഈ ഗുരുസ്ഥാനം നിലകൊള്ളുന്നു. ഇവിടെ ഉഴിഞ്ഞിട്ടാൽ തീരാത്ത ബാധയും ശത്രുദോഷവും ഇല്ലെന്നാണ് വിശ്വാസം. ചില ക്ഷേത്ര ആചാര പ്രദമായ പ്രതിഷ്ഠകളും ശിവനും പാർവ്വതിയും സ്വയംഭൂ സങ്കൽപ്പവും, മൂന്ന് സർപ്പകാവുകളും. ഭുവനേശ്വരി ,രക്ഷസ്… തുടങ്ങിയ സങ്കൽപ്പങ്ങളും പൂർവ്വികമായ തറവാടിൻ്റെ ഭാഗമായി ഇപ്പോഴും നിലനിൽക്കുന്നു.

സമസ്ത ദോഷശാന്തിക്കായി ഭക്തവത്സലനായ സാക്ഷാൽ വിഷ്ണുമായ ദേവനെ കണ്ടുവണങ്ങുവാൻ ജാതിമത ഭേദമന്യേ ആയിരകണക്കിന് ഭക്തന്മാർ ആശ്രയമായി നിത്യവും നാനാദിക്കിൽ നിന്നും ആവണങ്ങാട്ടു കളരിയിൽ എത്തിചേരുന്നു.
കുംഭമാസത്തിൽ ഉത്സവം ഗംഭീരമായി തന്നെ ഇവിടെ നടത്തപ്പെടുന്നു. ശ്രീ വിഷ്ണുമായ സ്വാമിയുടെ നൃത്തവും കൽപ്പനകളും ഏറെ വിശേഷമാണ്. നൃത്തപ്രിയനും, സംഗീത പ്രിയനും ദീപാലങ്കാരപ്രിയനും നിവേദ്യപ്രിയനുമാണ് ഭഗവാൻ. ശ്രീ ആവണങ്ങാട്ട് കളരിയിലെ ശ്രീകോവിൽ നടയിൽ വരുന്ന ഭക്തജനങ്ങൾ പരാതികളും സങ്കടങ്ങളും രോഗനിവാരണ പ്രാർത്ഥനകളും ആഗ്രഹങ്ങളും ഭഗവാനു മുൻപിൽ നേരിട്ട് സമർപ്പിച്ചു പരിഹാരം കാണുന്ന ‘നിയോഗം’ എന്ന പാരമ്പര്യ അനുഷ്ഠാനം പുരാതന കാലം മുതൽ അതേ വിശുദ്ധിയോടും പൂർണ്ണതയോടും ഇന്നും ആവണങ്ങാട്ടു കളരിയിൽ അനുഷ്ഠിച്ചു വരുന്നു. മനോഭിലാഷമനുസരിച്ച് കാര്യസാധ്യത്തിനായും, ഉദ്ദിഷ്ടകാര്യം സാധിച്ചതിനു ശേഷവും ചുറ്റുവിളക്കും നിവേദ്യവും, നിറമാലയും ഭഗവാന് സമർപ്പിക്കാവുന്നതാണ്. ഇവിടെ ശ്രീ വിഷ്ണുമായ സങ്കട മകറ്റുന്ന ശങ്കരസുതനാണ്. ശാക്തേയ പുഷ്പാഞ്ജലിയും, വെള്ളാട്ട് കർമ്മവും ആവണങ്ങാട്ടിലെ ഏറെ സവിശേഷതയുള്ള പ്രധാന വഴിപാടുകളാണ്. വൃശ്ചികം കർക്കിടകം മാസങ്ങളിൽ വിശേഷാൽ പൂജകളുണ്ട്. ആവണങ്ങാട്ടു വിഷ്ണുമായ ദേവൻ്റെ നൃത്തമണ്ഡപത്തിൽ കലോപാസന നടത്തുന്നത് അത്യുത്തമമാണ്.

രാവിലെ 6.am മുതൽ 12. pm വരെയും വൈകീട്ട് 4 pm മുതൽ 7 pm വരെയും ആണ് ശ്രീ ആവണങ്ങാട്ടു കളരി ക്ഷേത്രദർശന സമയം. ഉച്ച്ക്ക് 1.30 pm മുതൽ ‘നിയോഗം'( സ്വാമിയുടെ കല്പനയും പരിഹാരവും) നിയോഗം കേൾക്കുന്നതിനുള്ള ടോക്കൺ ദിവസവും അന്നേദിവസം രാവിലെ മാത്രമെ ലഭിക്കൂ. അശരണർക്ക് ശ്രീ വിഷ്ണുമായ എന്നും തണലാണ്. അന്യായത്തിനും അനീതിക്കുമെതിരെ ആയുധമെടുക്കാൻ ശ്രീ വിഷ്ണുമായ ദേവൻ മടി കാണിക്കയില്ല. ആശ്രയിച്ചു വരുന്നവർക്ക് ഭഗവാനെ ന്നും അഭിഷ്ടകാര്യ പ്രധാനനാണ്. ഭൂതഗണങ്ങളായ ചാത്തന്മാരോടു കൂടി ശിഷ്ടരക്ഷണത്തിനും ദുഷ്ട സംഹാരണത്തിനും വേണ്ടി ഭഗവാൻ ശ്രീ വിഷ്ണുമായ ആവണങ്ങാട്ടിൽ നിലകൊള്ളുന്നു.

Leave a Comment