ഭിന്നശേഷിയുള്ള ഒരു കുട്ടിക്ക് സമൂഹത്തിൽ എന്തെല്ലാം ചെയ്യാൻ കഴിയും- സൗരവ് പറയുന്നു….

Written by Taniniram1

Published on:

ജീവൻ തുടിക്കുന്ന എന്നാൽ വലിച്ചെറിയപ്പെടുമായിരുന്ന വെറുമൊരു മാംസക്കട്ടയിൽ നിന്നും അനേകമനേകം ചിത്രശലഭങ്ങൾ പറന്നുയരുന്ന ദൃശ്യവിസ്മയം എത്ര ആനന്ദകരമായിരിക്കും. സൗരവിനെ കുറിച്ച് പറയുമ്പോൾ അവൻ്റെ തന്നെ പൂന്തോട്ടത്തിൽ പാറിപ്പറക്കുന്ന പൂമ്പാറ്റകളെയാണ് എനിക്കോർമ്മ വരുന്നത്. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 8 A + നേടി അതെ സ്കൂളിൽ തന്നെ ഉന്നത പഠനത്തിന് യോഗ്യത നേടിയ സൗരവ് ഒരു പാചക വിദഗ്ധൻ കൂടിയാണ്. ഭിന്നശേഷി കുട്ടികൾക്കു വേണ്ടി ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ കുക്കിംഗ് മത്സരത്തിൽ ഒന്നാം സമ്മാനവും കൂടാതെ ചെണ്ടമേളം, ഷോർട്ട് ഫിലിം തുടങ്ങിയവയിലും തൻ്റെ കഴിവുതെളിയിച്ച സൗരവ് നല്ലൊരു സാമൂഹ്യ പ്രവർത്തകനുമാണ്. മുഖ്യമന്ത്രിയിൽ നിന്നും ഒരു അഭിനന്ദനകത്ത് ലഭിക്കുവാൻ തക്കവിധം വളർന്നുപന്തലിച്ച 19, വയസ്സുള്ള സൗരവിൻ്റെ കലാ,കാരുണ്യ പ്രവർത്തനങ്ങളിലൂടെ…

ഭിന്നശേഷിയുള്ള ഒരു കുട്ടിക്ക് സമൂഹത്തിന് വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയും. സൗരവ് പറയുന്നു…. എനിക്കെല്ലാം ചെയ്യണം. മറ്റു കുട്ടികളെ പോലെ പഠിക്കുകയും ആടുകയും പാടുകയും വേണം. മറ്റുള്ളവർക്ക് പെട്ടെന്ന് മനസ്സിലാക്കിയെടുക്കുവാൻ ബുദ്ധിമുട്ടുള്ള ഭാഷയിൽ അവനിതു പറയുമ്പോൾ ആ മുഖത്തും കണ്ണുകളിലും കാണുന്ന ആത്മവിശ്വാസം അതൊന്നു കാണേണ്ടതു തന്നെ..സജീവൻ്റെയും ബീനയുടെയും മകനായി തൃശൂർ ചാഴൂരിലാണ് ജന്മനാ അംഗവൈകല്യമുള്ള സൗരവ് ജനിക്കുന്നത്. ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടുന്ന ‘ഒരു തവള കുട്ടിയുടെ അത്രയും ചെറിയ കുട്ടി’ എന്നാണ് അമ്മ ബീന അവൻ്റെ ജനനത്തെ വിശേഷിപ്പിക്കുന്നത്. ഓരോ കുഞ്ഞിൻ്റെയും ശാരീരികവും മാനസികവുമായ വളർച്ച അതാതു ഘട്ടങ്ങളിൽ സ്വമേദയ നടക്കും. എന്നാൽ സൗരവിൻ്റെ ഓരോ വളർച്ചയും അവൻ്റെ മാതാപിതാക്കൾ പൊരുതി നേടിയെടുത്തതാണ്. നിരന്തരം ഹോസ്പിറ്റലുകളിലും മറ്റും കയറിയിറങ്ങി വിദഗ്ധ ചികിത്സകൾ നല്കി. ഫിസിയോ തെറാപ്പികളാണ് വളർച്ചയുടെ ഓരോഘട്ടങ്ങളേയും മറി കടക്കാൻ സൗരവിനെ പ്രാപ്തനാക്കിയത്. അന്വോഷണങ്ങൾക്കും ടെസ്റ്റുകൾക്കുമൊടുവിൽ സൗരവിൻ്റെ അസുഖ കാരണം ജനിതകമായിട്ടുള്ള വൈകല്യമാണെന്ന് കണ്ടെത്തി. മറ്റുള്ള കുട്ടികളെ പോലെയല്ലെങ്കിലും ഏറെകുറെ കാര്യങ്ങൾ മനസ്സിലാക്കാനും ഇരിക്കാനും നടക്കാനും കഴിക്കാനും പിന്നെ അവൻ്റെതായ കാര്യങ്ങൾ ചെയ്യാൻ ചിലപ്പോൾ കഴിഞ്ഞേക്കാം എന്ന് ഡോക്ടേഴ്സ് വിധിയെഴുതി. എന്നാൽ വിധിയെ സ്നേഹവും, കരുത്തും കരുതലും കൊണ്ട് നേരിടാൻ സൗരവിൻ്റെ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. തനിക്കുള്ള പോരായ്മകളൊന്നും ഒരു പോരായ്മകളുമല്ലെന്ന് സൗരവിപ്പോൾ നമ്മെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ‘ഇല്ല ‘ എന്നൊരു വാക്കില്ല ഈ കുട്ടിക്ക് , അതാണ് സൗരവിൻ്റെ മികവ്.

സൗരവ് പത്താം തരം ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി വിജയിച്ചു. മണലൂർ സ്നേഹാദരം ടെക്നിക്കൽ സ്കൂളിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നു. ആർക്കും ഒരു ശല്യവുമില്ലാത്ത ശാന്തസ്വഭാവമാണ് സൗരവിൻ്റേത്. പിടിവാശികൾ ഒന്നുമില്ല നല്ല പെരുമാറ്റമാണവൻ്റേത്. ബി.ആർ.സി ടീച്ചറായ രേണുക ടീച്ചറുടെ നേതൃത്വത്തിലുള്ള ടീം ബട്ടർഫ്ലെയ്സ് എന്ന ഗ്രൂപ്പിൽ ചേർന്നതിൽ പിന്നെയാണ് സൗരവിൻ്റെ കലാരംഗത്തേക്കുള്ള കരിയർ വെള്ളിവെളിച്ചം കാണുന്നത്. ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി രൂപികരിക്കപ്പെട്ടതാണ് ഈ ഗ്രൂപ്പ് . രേണുക ടീച്ചർ മുഖേനെ നിരവധി പരിപാടികളിൽ സൗരവിന് പങ്കെടുക്കാൻ കഴിഞ്ഞു.

ബട്ടർഫ്ലൈ ഗ്രൂപ്പിലെ പിപിൻ എന്ന മേള അധ്യാപകൻ വഴി ചെണ്ടമേളം പഠിക്കുവാനും പല വേദികളിലും അവതരിപ്പിക്കാനും കഴിഞ്ഞു. തൃശൂർ തേക്കിൻക്കാട് മൈതാനത്ത് സംഘടിപ്പിച്ച 1001 ഭിന്നശേഷിയുള്ള കുട്ടികളിൽ ഒരാളായി.മഴവിൽ മനോരമയിൽ ബിഗ് സല്യൂട്ട് എന്ന പ്രോഗ്രാമിൽ ഒന്നാം സമ്മാനം ലഭിച്ചു എന്നത് സൗരവിൻ്റെ ജീവിതത്തിലെ മിന്നും വിജയം തന്നെയാണ്. ഭിന്നശേഷി കുട്ടികൾക്കു വേണ്ടി ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പാചക മത്സരത്തിൽ ഒന്നാം സ്ഥാനം സൗരവിനായിരുന്നു. അവൻ തയ്യാറാക്കിയ നാട്ടുമാമ്പഴ പായസം വേറിട്ട രുചി പകരുന്നതായിരുന്നു. ഷൈജി ജോസഫ് സംവിധാനം ചെയ്ത ‘കുഞ്ഞു ‘എന്ന ഷോർട് ഫിലീമിൽ അഭിനയിക്കാൻ സൗരവിന് അവസരം ലഭിച്ചു. മുതുക്കാടിൻ്റെ സമ്മോഹനത്തിലും ഫാഷൻ ഷോയിലും പങ്കെടുത്തു . ടീം ബട്ടർഫ്ലൈസ് നടത്തിയ തൊഴിൽ മേളയിൽ അമ്മയുടെ ഒപ്പം ചേർന്നു സർട്ടിഫിക്കറ്റ് സ്വന്തമാക്കി. ഈ ചെറുപ്രായത്തിൽ തന്നെ നൂറ്റമ്പതോളം വേദികളിൽ പങ്കെടുത്ത സൗരവ് നാട്ടിലെ ‘മുത്ത് ‘ എന്നാണറിയപ്പെടുന്നത്.

കേരള മുഖ്യമന്ത്രി കോവിഡ് 19 സമയത്ത് വാർത്താ സമ്മേളനത്തിൽ എല്ലാവരും മറ്റുള്ളവരെ സഹായിക്കണമെന്ന വാർത്ത കേട്ട തൻ്റെ രണ്ട് മാസത്തെ പെൻഷൻ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകി സൗരവ് മാതൃകയായി.
പലവിധ ആരോഗ്യപ്രശ്നങ്ങൾക്കിടയിലും കാരുണ്യ പ്രവർത്തകൻ്റെ കുപ്പായമിട്ട സൗരവ് അവിടെയും തൻ്റെ ഹൃദയവിശാലത അടയാളപ്പെടുത്തി.
കോവിഡ് 19 നെതിരെ അഹോരാത്രം പ്രവർത്തികൊണ്ടിരുന്ന കേരള പോലീസിനോടുള്ള ആദരസൂചകമായി സ്വന്തം നാട്ടിലെ (അന്തിക്കാട് ) പോലീസ് സ്റ്റേഷനിലേക്ക് കണ്ണാടി ഉപഹാരമായി നൽകി. ചാഴൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആഹാരപദാർത്ഥങ്ങൾ കൈമാറി. ‘ടീം ബട്ടർഫ്ലൈസി’ നോട് ഒപ്പം ചേർന്നു തൃശൂരിൽ ദാഹജലം വിതരണം നടത്തി. പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും ചെടികൾ നട്ടുപിടിപ്പിക്കാനും ഇഷ്ടപ്പെടുന്ന
സൗരവ് വീട്ടിൽ തന്നെ നല്ലൊരു പച്ചക്കറി തോട്ടം നട്ടുവളർത്തിയിട്ടുണ്ട്. എല്ലാ കുട്ടികളെയും പോലെ തനിക്കും എല്ലാം ചെയ്യണം എന്ന സൗരവിൻ്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ അച്ഛനും അമ്മയും വീട്ടുക്കാരും നാട്ടുകാരും കൂടെ തന്നെയുണ്ട്. ഇതിൽ ചെറിയച്ഛൻ സജീന്ദ്രൻ്റെ പങ്ക് വളരെ വലുതാണ്.

ഭിന്നശേഷി കുട്ടികൾക്ക് നാല് ശതമാനം സംവരണമുണ്ട്. ചാഴൂർ ഗ്രാമപഞ്ചായത്തിൻ ഒരു അപേക്ഷ നല്കിയിട്ടുണ്ടെന്നും സൗരവിന് പതിനെട്ട് വയസ്സ് പൂർത്തിയാകുമ്പോൾ ഒഴിവു വരുന്ന പഞ്ചായത്ത് കെട്ടിടങ്ങളിൽ യാതൊരു തടസ്സവും കൂടാതെ തന്നെ സംവരണം ഉണ്ടാകും. കൂടാതെ സൗരവ് പഠിക്കുന്നത് ഒരു ടെക്നിക്കൽ സ്കൂളിലാണ്. പഠിക്കുന്നത്. കോഴ്സ് തീർന്നാൽ ആ സർട്ടിഫിക്കറ്റ് വെച്ച് ഒരു കട തുടങ്ങാനും ഇവരെ നിലനിർത്തി കൊണ്ട് തന്നെ അച്ഛനമ്മക്കോ ബന്ധുക്കൾക്കോ ഒരു സ്ഥാപനം തുടങ്ങാനും
കഴിയും. അനവധി തൊഴിലവസരങ്ങളും ഭിന്നശേഷിക്കാരായ കുട്ടികളെ കാത്തിരിക്കുന്നു.ഇങ്ങനെയുള്ള കുട്ടികളെ അടച്ചിടാനല്ല നമ്മളില്ലെങ്കിലും ഇവർക്ക് ജീവിക്കണം. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഇതുപോലുള്ള കൊച്ചുമക്കളെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കുക തന്നെയാണ് സൗരവിൻ്റെ മാതാപിതാക്കൾ. എല്ലാവരേയും ഒരു പോലെ സ്നേഹിക്കുവാനും പെട്ടെന്നു തന്നെ എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റാനും സൗരവിന് കഴിയും. മൊബൈൽ ഫോണിൻ്റെയും, ടിവി യുടെയും മുന്നിൽ നിന്നും കണ്ണെടുക്കാത്ത ഇക്കാലത്തെ കുട്ടികളിൽ നിന്നും വ്യത്യസ്തമായി തൻ്റെ നിഷ്കളങ്കമായ ചിരിയിലൂടെ എല്ലാവരുടെയും മനസ്സിൽ ഇടം പിടിക്കുകയാണ് സൗരവ് എന്ന കൊച്ചു മിടുക്കൻ.

ജ്യോതിരാജ് തെക്കൂട്ട്

Leave a Comment