ചരിത്രത്തിന്റെ താളുകളിൽ നിറഞ്ഞുനിന്ന ഒരു സംഭവമാണ് തങ്കമണി സംഭവം. തങ്കമണി എന്ന പേരിൽ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്തു ദിലീപ് നായകനാകുന്ന സിനിമയാണ് ഇത്. ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ തങ്കമണി റിലീസ് ചെയ്യുകയാണ്. ദിലീപിന്റെ 148 മത്തെ സിനിമ കൂടിയാണ് തങ്കമണി. ചരിത്രത്തിൽ ഇടം നേടിയ ഈ സംഭവം വെള്ളിത്തിരയിൽ വരുമ്പോൾ ഒട്ടേറെ ആകാംക്ഷയോടെയാണ് പ്രേക്ഷക ലക്ഷങ്ങൾ തിയേറ്ററുകളിലേക്ക് എത്തുന്നത്.
തങ്കമണിയുടെ ചരിത്രത്തിലൂടെ…
പെണ്ണിന്റെ പേരല്ല തങ്കമണി ഒരു നാടിന്റെ പേരാണ് തങ്കമണി. കേരളത്തെ ഞെട്ടിച്ച കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചു കുലുക്കിയ സംഭവം. ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപെടുന്നതാണ് തങ്കമണി എന്ന ഗ്രാമം. 1986ഒക്ടോബർ 21ന് തങ്കമണി ഗ്രാമത്തിൽ ബസ് സർവ്വീസുമായി ഒരു തർക്കമുണ്ടാവുന്നു. കട്ടപ്പന – തങ്കമണി റൂട്ടിൽ ഓടികൊണ്ടിരുന്ന എലൈറ്റ് എന്ന സ്വകാര്യ ബസ് ജീവനക്കാരും വിദ്യാർത്ഥികളുമായാണ് തർക്കത്തിന്റെ തുടക്കം. ആ കാലഘട്ടങ്ങളിൽ കട്ടപ്പന -തങ്കമണി റൂട്ടിൽ പാറമട മുതൽ തങ്കമണി വരെയുള്ള വഴി ഗതാഗതയോഗ്യമല്ലായിരുന്നു. കട്ടപ്പന- തങ്കമണി റൂട്ടിൽ സർവ്വീസ് നടത്തുന്ന മിക്ക ബസ്സുകളും പാറമട കഴിയുമ്പോൾ യാത്രക്കാരെ അവിടെ ഇറക്കിവിടുമായിരുന്നു. പക്ഷെ തങ്കമണി വരെയുള്ള പണം ആളുകളിൽ നിന്നും ഈടാക്കുകയും ചെയ്യും. ഇതാണ് നാട്ടുക്കാർക്കിടയിൽ എതിർപ്പുണ്ടാവാൻ കാരണം. യാത്രക്കാരിൽ പ്രധാനമായും വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.
കോളേജ് വിദ്യാർഥികൾ ഈ പ്രവൃത്തിയിൽ അമർഷം കൊള്ളുകയും ഒരിക്കൽ ഒരു വിദ്യാർഥി ഇതിനെ ചോദ്യം ചെയ്യുകയും വാഹനം പാറമടയിൽ എത്തിയപ്പോൾ അത് തങ്കമണിവരെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വാക്കുതർക്കത്തിൽ കണ്ടക്ടർ വിദ്യാർഥിയെ വണ്ടിയിൽ നിന്നും മർദ്ദിച്ചു പുറത്താക്കി. സംഭവമറിഞ്ഞ ജനങ്ങൾ പിറ്റേ ദിവസം വാഹനം പിടിച്ചെടുക്കുകയും തങ്കമണി ടൗണിലേക്ക് ബലമായി കൊണ്ടുവരികയും ചെയ്തു.
ബസ് ജീവനക്കാർ മാപ്പു പറയണമെന്ന് ജനങ്ങൾ ആവശ്യപെട്ടപ്പോൾ ബസ് ഉടമ ദേവസ്യ കട്ടപ്പനയിൽ നിന്ന് പോലീസുമായെത്തി ബസ് കൊണ്ടുപോകാൻ ശ്രമിച്ചു. അവിടെ എത്തിയ പോലീസിന്റെ ഇടപെടൽ നാട്ടുകാരെ രോഷാകുലരാക്കി. പോലീസ് ജനക്കൂട്ടത്തിനുനേരെ ലാത്തിവീശുകയും ജനങ്ങൾ പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു . ഇത് പോലീസുകാരിൽ വൈരാഗ്യം ഉണ്ടാവാൻ കാരണമായി.ആ പ്രശ്നം അവിടെയും അവസാനിച്ചില്ല. അടുത്ത ദിവസം പോലീസ് സംഘം സർവ സന്നാഹങ്ങളുമായി തങ്കമണിയിൽ എത്തുകയും ജനങ്ങൾക്കുനേരേ വെടിയുതിർക്കുകയും ചെയ്തു. വെടിവയ്‌പ്പിൽ തങ്കമണി സ്വദേശിയായ കോഴിമല അവറാച്ചൻ എന്നയാൾ മരണപെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വീടുകൾ കയറി ആളുകളെ ക്രൂര മർദ്ദനത്തിന് ഇരയാക്കി. സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു. എലൈറ്റ് ബസ് ഉടമ ദേവസ്യ പിന്നീട് കുമളി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥനാവുകയും സൂര്യനെല്ലി സ്ത്രീപീഡന കേസിൽ മുഖ്യ പ്രതികളിലൊരാളാവുകയും ചെയ്തു. തങ്കമണി സംഭവം കേരള രാഷ്ട്രീയത്തിൽ നിർണായക സംഭവമായി മാറി. കെ.കരുണാകരനായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി.1987 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ സംഭവം രാഷ്ട്രീയ ആയുധമാക്കി മാറ്റി. അന്ന് നടന്ന തിരഞ്ഞെടുപ്പിൽ UDF പരാജയപെടുകയും ഇ.കെ നായനാരുടെ നേതൃത്വത്തിൽ LDF അധികാരത്തിലെത്തുകയും ചെയ്തു. 1987 ൽ PG വിശ്വംബരൻ സംവിധാനം ചെയ്ത “ഇതാ സമയമായി” എന്ന ചിത്രവും തങ്കമണി സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയതാണ്. ദിലീപിനെ കൂടാതെ പ്രണിത സുഭാഷ്, നീതപിള്ള, മനോജ് കെ ജയൻ, സുദേവ് നായർ, ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ എന്നിവരും തങ്കമണിയിൽ മുഖ്യ കഥാപാത്രങ്ങൾ ആകുന്നു.