കൊൽക്കത്ത: ഇന്ത്യ ഇന്ന് അഭിമാനത്തിന്റെ നിർവയിലാണ്. കൊൽക്കത്തയിലെ ഹൂഗ്ലി നദിക്കടിയിലൂടെ ഇന്ന് മെട്രോ കുതിക്കുമ്പോൾ ഇന്ത്യയ്ക്ക് അത് അഭിമാന നിമിഷമാണ്. രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ ആണ് പശ്ചിമ ബംഗാളിലെ കൊൽക്കത്തയ്ക്കും ഹൗറയ്ക്കും ഇടയിൽ യാഥാർഥ്യമായിരിക്കുന്നത്. കൊൽക്കത്ത – ഹൗറ അണ്ടർ വാട്ടർ റെയിൽവേ ലൈൻ നൂറു വർഷങ്ങൾക്ക് മുൻപാണ്
മുൻപോട്ടുവെച്ചത്. കൃത്യമായി പറഞ്ഞാൽ 1921ൽ. ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എൻജിനീയറായ സർ ഹാർളി ഡൽറിംപിൾ ആണ് 1921ൽ കൊൽക്കത്തയിലൊരു അണ്ടർ വാട്ടർ റെയിൽവേ പാത എന്ന ആശയം മുൻപോട്ടുവെച്ചത്. വർഷം 100 പിന്നിട്ടെങ്കിലും ഒടുവിൽ അത് യാഥാർഥ്യമായതിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാം.
കിഴക്കൽ കൊൽക്കത്തയിലെ സെക്ടർവിയും സെൽദ റെയിൽവേ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന കൊൽക്കത്ത മെട്രോയുടെ 9.2 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൽ ലൈനിലാണ് അണ്ടർ വാട്ടർ മെട്രോ ടണൽ ഉള്ളത്. ഗ്രീൽ ലൈനിലെ 4.8 കിലോമീറ്റർ നീളുന്ന ഹൗറ മൈതാൻ മുതൽ എസ്പ്ലനേഡ് വരെയുള്ള സ്ട്രെച്ചിലെ 520 മീറ്റർ നീളമുള്ള ടണൽ ആണ് ഹൂഗ്ലി നദിക്കടിയിലൂടെ കടന്നുപോകുന്നത്. തികച്ചും എഞ്ചിനീയറിങ് വിസ്മയം. നദിക്കടിയിൽ 13 മീറ്റർ ആഴത്തിലാണ് പാത, ഭൂപ്രതലത്തിൽനിന്ന് 37 മീറ്ററും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പദ്ധതി നാടിന് സമർപ്പിക്കും.