മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരായ വഞ്ചനാക്കേസ് പണം നൽകി ഒത്തുതീർപ്പാക്കി. കർണാടകയിലെ കൊല്ലൂരിൽ വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലന്റെ പരാതിയാണ് ഒത്തുതീർപ്പാക്കിയത്. ശ്രീശാന്തിനും കർണാടക ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ വെങ്കടേഷ് കിനി എന്നിവർക്കുമെതിരെ കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശപ്രകാരം പൊലിസ് നേരത്തെ കേസെടുത്തിരുന്നു
2019ൽ കൊല്ലൂരിൽ വച്ച് പരിചയപ്പെട്ട രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണ് പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. വില്ല ലഭിക്കാതായപ്പോൾ, പറഞ്ഞ സ്ഥലത്ത് ശ്രീശാന്തിന് ക്രിക്കറ്റ് പ്രൊജക്ട് തുടങ്ങുകയാണ് എന്നായിരുന്നു മറുപടി.
സരീഗ് ബാലഗോപാൽ 2019ൽ മൂകാംബിക ദർശനത്തിന് പോയപ്പോൾ രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നീ ഉഡുപ്പി സ്വദേശികളായ രണ്ട് പേരെ പരിചയപ്പെട്ടിരുന്നു. ഇതിൽ വെങ്കിടേഷിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലം മൂകാംബികയിൽ ഉണ്ടെന്നും അവിടെ വില്ല നിർമ്മിച്ച് നൽകാമെന്നും പറഞ്ഞ് 18.70 ലക്ഷം രൂപ അഡ്വാൻസായി വാങ്ങിയെന്നാണ് പരാതി.