ഇന്ത്യൻ വിവാഹങ്ങളെക്കുറിച്ചുള്ള നിരവധി അപ്രിയ സത്യങ്ങൾ പ്രേക്ഷകർക്കു മുന്നിൽ തുറന്നു കാട്ടിയ സിനിമയാണ് ‘കഭി അൽവിദ നാ കെഹ്‌ന’ എന്ന് നടി റാണി മുഖർജി. ഈ സിനിമ റിലീസ് ആയതിനു ശേഷം വിവാഹമോചന നിരക്ക് ഉയര്‍ന്നു എന്നും അവര്‍ പറഞ്ഞു. ഗോവയില്‍ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഒരു മാസ്റ്റർക്ലാസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റാണി.
“കഭി അൽവിദ നാ കെഹ്‌ന റിലീസായതിനു ശേഷം വിവാഹമോചനങ്ങൾ കൂടിയതായി അറിയാന്‍ കഴിഞ്ഞു. തീയേറ്ററിൽ പോയി സിനിമ കണ്ടിരുന്നവർ ഏറെ അസ്വസ്ഥരായി. തന്‍റെ സിനിമയ്ക്ക് ലഭിച്ച ഫീഡ്‌ബാക്ക് അതാണെന്ന് ഞാൻ കരുതുന്നു. ഈ സിനിമ ധാരാളം ആളുകളുടെ കണ്ണുതുറപ്പിച്ചുവെന്നും അവർ സന്തോഷമായിരിക്കാനുള്ള തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു എന്നും ഞാൻ കരുതുന്നു.”
“മായയുടെ കഥാപാത്രത്തിന്‍റെ ഭംഗി എന്തെന്നാൽ, അവൾ ഋഷിയെ ഒരു സുഹൃത്തെന്ന നിലയിലും സ്നേഹിച്ചു എന്നതാണ്. ഷാരൂഖിന്‍റെ കഥാപാത്രത്തിൽ അവൾ കണ്ടെത്തിയത് അവൾ എപ്പോഴും തിരയുന്ന പ്രണയമായിരുന്നു,” തന്‍റെ കഥാപാത്രമായ മായയെക്കുറിച്ച് താരം പറഞ്ഞു.
“വാസ്തവത്തിൽ, എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ലാത്ത ഒരു സമയത്ത് അത്തരത്തിലുള്ള ഒരു സിനിമ നിർമ്മിക്കാൻ കരൺ ജോഹർ ധൈര്യപ്പെട്ടു. ശക്തമായ സിനിമകൾക്കും ശക്തമായ വേഷങ്ങൾക്കും ഒപ്പം നിൽക്കുകയാണ് പ്രധാനമെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ, അതിന്‍റെ കാലത്തിനു മുന്‍പേ സഞ്ചരിച്ച ഒരു സിനിമയായി ‘കഭി അല്‍വിദ നാ കെഹ്ന’ ഓർമ്മിക്കപ്പെടും,” റാണി തുടർന്നു.