ബുക്കര്‍ പ്രൈസ് പോൾ ലിഞ്ചിന്റെ ‘പ്രൊഫെറ്റ് സോങി’ന്

Written by Taniniram Desk

Published on:

2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിൻ്റെ ‘പ്രൊഫെറ്റ് സോങ്’ എന്ന നോവലിന് ലഭിച്ചു. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച 6 പുസ്തകങ്ങളിൽ നിന്നാണ് പോൾ ലിഞ്ചിൻ്റെ ഡിസ്റ്റോപിയൻ നോവൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ലണ്ടനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വംശജയായ ഇംഗ്ലീഷ് എഴുത്തുകാരി ചേത്ന മാരുവിന്റെ ആദ്യ നോവൽ ‘വെസ്റ്റേൺ ലെയ്നി’നെ പിന്നിലാക്കിയാണ് ഈ നേട്ടം.

നോവലിലൂടെ സമഗ്രാധിപത്യത്തിന്റെ പിടിയിൽ അകപ്പെടുന്ന അയർലണ്ടിനെക്കുറിച്ചുള്ള ഒരു ഡിസ്റ്റോപ്പിയൻ ദർശനം അവതരിപ്പിക്കുന്നതിൽ 46കാരനായ ലിഞ്ച് വിജയിച്ചിട്ടുണ്ട്. “സമൂലമായ സഹാനുഭൂതിയുടെ ഒരു ശ്രമം” എന്നാണ് ഈ നോവലിനെ രചയിതാവ് സ്വയം വിശദീകരിക്കുന്നത്. ഡബ്ലിൻ കേന്ദ്രീകരിച്ചുള്ള ഒരു കുടുംബം, ഒരു പുതിയ ലോകവുമായി പിണങ്ങുന്നതിന്റെ ഭീതിജനകമായ കഥയാണ് നോവലിൽ പറയുന്നത്. പിന്നീട് ഈ കുടുംബം ഉപയോഗിച്ചിരുന്ന ജനാധിപത്യ മാനദണ്ഡങ്ങൾ അപ്രത്യക്ഷമാകാൻ തുടങ്ങുന്നു.

ജനാധിപത്യത്തിൻ്റെ സമ്പൂർണ മാതൃകകളുടെ അസ്ഥിരതയേയും അതിന്റെ ഭയാനകമായ സാധ്യതകളേയും കുറിച്ച് വർത്തമാനകാല ലോകത്തിനുള്ള താക്കീതാണ് പോൾ ലിഞ്ചിൻ്റെ ഈ പുസ്തകം. ആഭ്യന്തര യുദ്ധത്തിന്റെയും പാലായനത്തിന്റെയും കഥപറയുന്ന നോവലിൽ പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ അസ്വസ്ഥകളും പശ്ചിമേഷ്യയിലെ മാനുഷിക ദുരന്തങ്ങളോടുള്ള ഉദാസീനമായ ഇടപെടലും ഈ നോവലിലൂടെ ലിഞ്ച് തുറന്നുകാട്ടാൻ ശ്രമിക്കുന്നുണ്ട്. നിരവധി നിരൂപക പ്രശംസകൾ നേടുകയും പ്രധാന അവാർഡുകൾക്ക് പരിഗണിക്കപ്പെടുകയും ചെയ്ത പ്രൊഫെറ്റ് സോങ് ആഗോള തലത്തില്‍ ജനപ്രിയ നോവലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

See also  റണ്‍വേയിലിറങ്ങിയ വിമാനത്തിന് തീപ്പിടിച്ചു

Leave a Comment