തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) റേഷന്‍ കാര്‍ഡുകളിൽ പേര് ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും മാര്‍ച്ചിനകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ഭക്ഷ്യവകുപ്പ്. മസ്റ്ററിങ് പൂർത്തിയാക്കാത്തവർ ഏപ്രിൽ ഒന്നുമുതൽ റേഷൻ അനുവദിക്കില്ലെന്നാണ് കേന്ദ്ര നിർദേശം. മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും തയാറല്ലെന്നാണ് കേന്ദ്രഭക്ഷ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ജനങ്ങള്‍ മസ്റ്ററിങ്ങുമായി സഹകരിക്കണമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് റേഷൻ കടകൾക്ക് ഉച്ചക്കുള്ള ഒഴിവുസമയവും ഞായറാഴ്ചത്തെ ഒഴിവുദിനവും സർക്കാർ താൽക്കാലികമായി റദ്ദാക്കി. മാർച്ച് 18 വരെ എല്ലാ ദിവസവും ഉച്ചക്ക് 1.30 മുതല്‍ വൈകീട്ട് നാലുവരെയും ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെയും മസ്റ്ററിങ് ഉണ്ടായിരിക്കും.
എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളും അവരവരുടെ റേഷന്‍ കടകളില്‍ നേരിട്ടെത്തി ആധാറും റേഷൻകാർഡുമായി നിശ്ചിത സമയത്തിനകം മസ്റ്ററിങ് പൂര്‍ത്തിയാക്കണം. മസ്റ്ററിങ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 15, 16, 17 തീയതികളിൽ കടകളിൽ ഭക്ഷ്യധാന്യ വിതരണം ഉണ്ടായിരിക്കില്ല. അന്നേ ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെയും മസ്റ്ററിങ് ചെയ്യും. അവസാന ദിവസമായ മാർച്ച് 18ന് സംസ്ഥാനത്തെ ഏതൊരു കാര്‍ഡ് അംഗത്തിനും ഏതു റേഷന്‍ കടയിലും മസ്റ്ററിങ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് ഏപ്രിലിൽ റേഷനില്ല
Written by Taniniram1
Published on: