വേനലിൽ ചിക്കൻപോക്സിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം

Written by Taniniram1

Published on:

പാലക്കാട്‌:വേനൽക്കാലരോഗമായ ചിക്കൻപോക്സ് ജില്ലയിൽ കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ ചിക്കൻപോക്‌സിനെതിരെ ജാഗ്രത വേണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഈ വർഷം ജനുവരിയിൽ 246, ഫെബ്രുവരിയിൽ 273 ചിക്കൻപോക്സ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ചിക്കൻപോക്സ് മൂലം ജനുവരിയിൽ ഒരു മരണവും ഫെബ്രുവരിയിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനുബന്ധ രോഗങ്ങൾ ഉള്ളവർ, കുട്ടികൾ, പ്രായമായവർ എന്നവരിലാണ് രോഗം ഗുരുതരമായി മരണം സംഭവിച്ചിട്ടുള്ളത്. സ്വയം ചികിത്സ മൂലം കൃത്യമായ ചികിത്സ വൈകുന്നതും മരണകാരണമാകുന്നുണ്ട്.
വേരിസെല്ല സോസ്റ്റർ’ എന്ന വൈറസാണ് ചിക്കൻപോക്‌സ് പടർത്തുന്നത്. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുമെന്നതിനാൽ ഗർഭിണികൾ, പ്രമേഹ രോഗികൾ, നവജാത ശിശുക്കൾ, അർബുദം ബാധിച്ചവർ തുടങ്ങിയവർ ഈ രോഗത്തിനെതിരെ കൂടുതൽ ജാഗ്രത പുലർത്തണം.

പ്രധാന ലക്ഷണങ്ങൾ

പൊതുവേ ശ്രദ്ധിക്കാതെ പോകുന്ന ഘട്ടമാണ് ചിക്കൻപോക്‌സിന്റെ ആദ്യഘട്ടം. കുമിളകൾ പൊങ്ങുന്നതിനു മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത്. ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണു മിക്കവരിലും ചിക്കൻപോക്‌സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തുതന്നെ പലഘട്ടത്തിലുള്ള കുമിളകൾ ചിക്കൻപോക്‌സിൽ സാധാരണയാണ്.

മിക്കവരിലും തലയിലും വായിലും ആണ് കുരുക്കൾ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചിലും പുറത്തും ഉണ്ടാകുന്നു. എണ്ണത്തിൽ ഇത് കൂടുതലാണ്. എന്നാൽ, കൈകാലുകളിൽ കുറവായിരിക്കും എന്ന പ്രത്യേകതയുമുണ്ട്
മൂക്കിലെയും വായിലെയും സ്രവങ്ങളും കുരുവിലെ സ്രവങ്ങളും രോഗം പകർത്തുമെന്നറിയുക. പോഷക ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക.ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ മുടങ്ങാതെ കഴിക്കേണ്ടതാണ്. ഫലപ്രദമായ ആന്റിവൈറൽ മരുന്നുകൾ രോഗ തീവ്രത കുറയ്ക്കുന്നു. സ്വയം ചികിത്സ ഒഴിവാക്കുക. സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ചിക്കൻപോക്സിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്.

Leave a Comment