വട്ടവടയിൽ റോപ്പ് വേ ഗതാഗതം ഒരുക്കി കേന്ദ്ര ഉപരിതല മന്ത്രാലയം

Written by Taniniram1

Published on:

തിരുവനന്തപുരം: റോഡ് സൗകര്യമില്ലാത്ത മലയോരങ്ങളിലേക്ക് റോപ് വേ നിർമിക്കാനൊരുങ്ങി കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം റോപ് വേ നിർമിക്കുന്നത്. പർവതമാലാ പരിയോജന പദ്ധതിയിലാണ് റോപ് വേ വരിക. ഇതിനായുള്ള സാധ്യതാ പഠനങ്ങൾ കേരളത്തിലും ആരംഭിച്ച് കഴിഞ്ഞു. മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗമാണ് റോപ് വേകൾക്ക് ലഭിക്കുക. രാജ്യമാകെ 260 റോപ് വേ പദ്ധതികളാണ് റോഡ് ഉപരിതല മന്ത്രാലയത്തിന് കീഴിൽ ഒരുങ്ങുന്നത്. കേരളത്തിൽ മൂന്നാർ വട്ടവട റോപ് വേയാകും ആദ്യം ഒരുങ്ങുക. ഇതിന്റെ ഭാഗമായി പഠനം നടത്തിയ കമ്പനി റിപ്പോർട്ട് കൈമാറിക്കഴിഞ്ഞു.

മൂന്നാർ – വട്ടവടയ്ക്ക് പുറമെ വയനാട്, ശബരിമല, പൊൻമുടി എന്നിവിടങ്ങളിലും പഠനം ആരംഭിച്ചിട്ടുണ്ട്. വയനാട്, ശബരിമല റോപ് വേകൾ സംബന്ധിച്ച റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വനത്തിന്റെ വന്യത നഷ്‌ടപ്പെടാത്ത രീതിയിലാകും ശബരിമല റോപ് വേയുടെ രൂപരേഖ. പമ്പയിൽ നിന്നും സന്നിധാനത്തേക്കാണ് ശബരിമലയിൽ റോപ് ഒരുങ്ങുക. പമ്പ ഹിൽ ടോപ്പ് മുതൽ സന്നിധാനത്തേക്ക് 2.8 കിലോമീറ്റർ ആകാശ ദൂരമാണുള്ളത്. മാളികപ്പുറം ക്ഷേത്രത്തിന് പിന്നിലാകും റോപ് വേ അവസാനിക്കുക. അഞ്ച് പില്ലറുകളും രണ്ട് സ്റ്റേഷനുകളുമോടെയാകും ഇവിടുത്തെ റോപ് വേ. വർഷങ്ങൾക്ക് മുമ്പ് തന്നെ ശബരിമല മാസ്റ്റർ പ്ലാനിൽ റോപ് വേ ഉൾപ്പെടുത്തിയിരുന്നെങ്കിലും അത് വൈകുകയായിരുന്നു.

വയനാട് റോപ് വേ പദ്ധതിയും നേരത്തെ തന്നെ പരിഗണനയിലുള്ളതാണ്. ലക്കിടിയിൽനിന്ന് അടിവാരംവരെയുള്ള റോപ് വേ 2025ൽ പൂർത്തിയാക്കുമെന്ന് കഴിഞ്ഞവർഷം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. 150 കോടിരൂപയാണ് ചെലവ് കണക്കാക്കുന്ന പദ്ധതിയായിരുന്നു ഇത്. 3.7 കിലോമീറ്റർ നീളത്തിൽ റോപ് വേ നിർമിക്കുമെന്നും. 40 കേബിൾകാറുകളാണുണ്ടാവുകയെന്നുമായിരുന്നു മന്ത്രി അന്ന് പറഞ്ഞത്. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെയാകും ഉപരിതല മന്ത്രാലയം റോപ് വേകൾ നിർമിക്കുക. ദേശീയപാത ലോജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡാണ് റോപ് വേകൾ നിർമിക്കുന്നത്. 40 ശതമാനം തുക കേന്ദ്രസർക്കാരും 60 ശതമാനം കരാറെടുത്ത കമ്പനിയും മുടക്കും. പദ്ധതിയിലെ ആദ്യ റോപ് വേ വാരാണാസിയിലാണ് ഒരുങ്ങുക തമിഴ്നാട്ടിൽ 12 കിലോമീറ്റർ നീളത്തിൽ പളനി – കൊടൈക്കനാൽ റോപ് വേയും സജ്ജമാകും.

See also  ഇസ്രയേൽ എംബസി സ്‌ഫോടനം; തെരച്ചിൽ ഊർജിതം

Leave a Comment