ഇന്ത്യാ മഹാരാജ്യത്തിൽ ആശയും ആവേശവുമായ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനിയും അമാന്തിച്ചുകൂടാ. 2020 നവംബർ മുതൽ 2021 ഡിസംബർ വരെ ദേശീയ തലസ്ഥാനത്ത് നടന്ന കർഷക സമരത്തിനിടെ എഴുന്നൂറിലേറെ പ്രക്ഷോഭകരാണ് വിവിധ കാരണങ്ങളാൽ മരിച്ചത്. ആ പ്രക്ഷോഭത്തിന് നേരെ കേന്ദ്ര സർക്കാർ അഴിച്ചുവിട്ട പ്രചാരണങ്ങളിലൊന്ന് സമര രംഗത്തുള്ളത് വൻകിടക്കാരായിരുന്നു എന്നതാണ്. പക്ഷെ, സമരത്തിനിടെ മരിച്ചവരെക്കുറിച്ച് പട്യാല ആസ്ഥാനമായ പഞ്ചാബി സർവകലാശാലയിലെ രണ്ടു ധന ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ വെളിപ്പെട്ടത് അവരിൽ ബഹുഭൂരിപക്ഷവും ചെറുകിട- നാമമാത്ര കര്ഷകരായിരുന്നു എന്നാണ്. സമരത്തിൽ പങ്കെടുത്തവരിലും സമരത്തിനിടെ മരിച്ചവരിലും ബഹുത്തു ഭൂരിപക്ഷം സാമ്പത്തികശേഷി കുറഞ്ഞവരായിരുന്നു.
പ്രക്ഷോഭകരെ പിരിച്ചുവിടാൻ ഹരിയാന പോലീസ് പ്രയോഗിച്ച കണ്ണീർ വാതകഷെൽ തലയിൽ പതിച്ചാണ് ഒരാൾ മരിച്ചത്. ഡൽഹി ചലോ മാർച്ചിനിടെ ഒരാൾ കൊല്ലപ്പെടുന്നത് ആദ്യമാണ്. ഇതേത്തുടർന്ന് കഠിനമായ കാലാവസ്ഥയും ആത്മഹത്യയുമടക്കം 702 പ്രക്ഷോഭകാരികൾ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
2021 ൽ കർഷക സമരം അവസാനിക്കുമ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന ആവശ്യവുമായാണ് കർഷകർ `ഡൽഹി ചലോ’ മാർച്ചിനിറങ്ങിയത്. അന്ന് മാർച്ചിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു ജോലിയും നഷ്ടപരിഹാരവും നൽകുക എന്നതാണ് ആവശ്യങ്ങളിലൊന്ന്. അന്ന് ഉറപ്പ് നൽകിയ കാർഷികോല്പന്നങ്ങൾക്ക് കുറഞ്ഞ താങ്ങുവില എന്നത് നടപ്പാക്കുന്നതിനായി നിയമ നിർമ്മാണം എന്ന ആവശ്യമാണ് പ്രധാനമായി ഉന്നയിക്കുന്നത്. പക്ഷെ, ഒന്നും നടപ്പിലായില്ല. കർഷക നേതാക്കളുമായി കേന്ദ്ര മന്ത്രിമാർ നടത്തിയ ഫലം കണ്ടില്ല.
സമരം രഞ്ജിപ്പോടെ അവസാനിപ്പിക്കാനുള്ള നയചാതുര്യമാണ് ഈ സന്ദർഭത്തിൽ കേന്ദ്ര സർക്കാർ പ്രകടിപ്പിക്കേണ്ടത്. അതിനു സാധിക്കാത്ത പക്ഷം സമരക്കാർക്ക് നേരെ ബലപ്രയോഗം നടത്താനുള്ള
പ്രേരണയെ കീഴ്‌പ്പെടുത്താനെങ്കിലും ഭരണകൂടത്തിന് സാധിക്കണം.’
ഒരുകാലത്തു ഹരിത വിപ്ലവത്തിന്റെ വിജയസ്മിതം പൊഴിച്ച് ഈ രാജ്യത്ത് ഇന്ന് കൃഷി നിന്ദന്മേഷമാണെന്ന വസ്തുത കേന്ദ്ര സർക്കാർ അംഗീകരിക്കണം. 140 കോടി വയറുകളെ പോറ്റേണ്ട ബാധ്യതയുള്ള ഒരു രാജ്യത്തിന് കൃഷിയെയും കർഷകരെയും കൈവിടാനാകില്ല. ആ തിരിച്ചറിവോടെ വേണം കേന്ദ്ര സർക്കാർ ഈ സമരത്തെ
സമീപിക്കാൻ.