പരുക്കൻ ഭാവത്തിലെ സമര ജ്വാല വിടപറഞ്ഞു

Written by Taniniram Desk

Published on:

തൃശൂർ : കമ്മ്യൂണിസ്റ്റ് പ്രവർത്തകയും അമ്പാടികുളം കോയമ്പറമ്പത്ത് വീട്ടിൽ മുൻ നക്സലൈറ്റ് കെ വേണുവിന്റെ ഭാര്യയും മണി എന്ന് വിളിക്കുന്ന നഗുലേശ്വരി (75) അന്തരിച്ചു. കവിളിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: അനൂപ്, അരുൺ. മരുമക്കൾ: സൂര്യ, ബിന്ദു. സംസ്കാരം വടൂക്കര ശ്മശാനത്തിൽ നടത്തി.

ആരാണ് മണിചേച്ചി ?

ഒരു തൊഴിലാളി പെണ്ണിന്റെ പരുക്കൻ സ്വഭാവവും തന്റേടവുമാണ് മണിക്കുള്ളത്. ഒളിവു ജീവിതം ഉൾപ്പെടെയുള്ള എന്റെ പരുക്കൻ ജീവിതത്തിന് ഇങ്ങനെയൊരു പെണ്ണാണ് നല്ലതെന്ന് ഞാൻ തീരുമാനിച്ചിരുന്നതാണ്. അതുകൊണ്ട് അധികം ചിന്തിക്കാതെ തന്നെ ആ വിവാഹത്തിന് മനസ്സിനെ സജ്ജമാക്കുകയും ചെയ്തു” ‘ഒരു അന്വേഷണത്തിന്റെ കഥ’ എന്ന പുസ്തകത്തിൽ തന്റെ പ്രിയതമയെ കുറിച്ച് കെ വേണു എഴുതിയതാണ് ഈ വാചകങ്ങൾ…..മണിച്ചേച്ചിയുടെ ഈ വിടവാങ്ങൽ കെ. വേണുവിന് ഏകാന്തതയുടെ ഒരു പരുക്കൻ ഭാവം തന്നെ. അന്തിക്കാടിന്റെ സമരപാരമ്പര്യം ഉള്‍ക്കൊള്ളുന്ന പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച മണിയെന്ന തൊഴിലാളി ചിന്തകനും മുന്‍ നക്‌സലൈറ്റ് നേതാവുമായ കെ. വേണുവിന്റെ ജീവിത പങ്കാളിയായതോടെയാണ് മണിച്ചേച്ചിയെന്ന പേരില്‍ കേരളമാകെ അറിയപ്പെട്ടു തുടങ്ങിയത്.


എഴുപത്, എണ്‍പതുകളില്‍ കേരളത്തിന്റെ രാഷ്ട്രീയകാലാവസ്ഥയില്‍ ചുടുകാറ്റുപോലെ ആഞ്ഞടിച്ച നക്‌സലൈറ്റ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടായിരുന്നു അവരുടെ ജീവിതം. ക്ഷുഭിതയൗവനത്തിന്റെ കാലത്ത് വിപ്ലവത്തിന്റെ കനലുകളിലേക്ക് ജീവിതം പറിച്ചുനട്ട മണി എന്ന നഗുലേശ്വരി വിപ്ലവകാരികള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും മണിച്ചേച്ചിയായിരുന്നു. സഖാവായ വേണു നക്‌സലൈറ്റ് രാഷ്ട്രീയത്തെയും മാര്‍ക്‌സിസത്തേയും തള്ളിക്കളഞ്ഞപ്പോഴും മാര്‍ക്‌സിത്തിലാണ് തനിക്ക് ഉറപ്പെന്നു അവസാനകാലവരെയും പറഞ്ഞിരുന്ന വ്യത്യസ്ഥതയുള്ള വ്യക്തിത്വമായിരുന്നു അവരുടേത്.

അടിയന്തരാവസ്ഥയില്‍ തകര്‍ന്നുപോയ എം.എല്‍. പ്രസ്ഥാനം അടിയന്തരാവസ്ഥാനന്തരം തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്ന കാലത്ത് ഒട്ടേറെ ജനകീയസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ജനകീയ സാംസ്‌കാരികവേദി പോലുള്ള സംഘടനകളിലൂടെ സാംസ്‌കാരികരംഗത്തും ചലനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന കാലം. ഇതിനിടെയാണ് 1981ല്‍ കരിക്കൊടിയില്‍ കയര്‍ തൊഴിലാളി സഹകരണസംഘത്തിലെ സെക്രട്ടറിയെ പിരിച്ചുവിട്ടതിനെതിരേയുള്ള സമരം. നക്‌സലൈറ്റ് നേതാവായിരുന്ന അന്തരിച്ച അന്തിക്കാട്ടെ കെ.എസ്. സദാശിവന്റെ മുന്‍കൈയില്‍ എം.എല്‍. പാര്‍ട്ടി തുടങ്ങിയ സമരം കേരളമാകെ വലിയ ചലനം സൃഷ്ടിച്ചു. വിദ്യാര്‍ഥികളും യുവാക്കളും അടക്കം ആയിരങ്ങള്‍ ആഴ്ചകളോളം നീണ്ട സമരത്തിന്റെ ഭാഗമായി. കാമ്പസുകളില്‍വരെ പ്രതിഷേധമലയടിച്ചു. കേരളത്തിന്റെ നാനാഭാഗത്തുനിന്നുമെത്തി സമരത്തില്‍ വിദ്യാര്‍ഥികളും യുവാക്കളുമടങ്ങുന്ന നൂറുകണക്കിനുപേര്‍ പോലീസിന്റെ മര്‍ദന ങ്ങള്‍ക്ക് ഇരയായി ജയിലിലായി. കരിക്കൊടി സമരത്തിന്റെ ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് പലപ്പോഴും വേദിയിയായത് മണിച്ചേച്ചിയുടെ വീടായിരുന്നു. അച്ഛന്‍ ശങ്കരേട്ടന്‍ എം.എല്‍. പ്രസ്ഥാനത്തിന്റെ സഖാവായിരുന്നു.

സമരം മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നതിനിടയിലാണ് പാര്‍ട്ടി തീരുമാനപ്രകാരം അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന കെ. വേണു മണിയെന്ന സാധാരണക്കാരിയെ വിവാഹം ചെയ്യുന്നത്. അക്കാലത്ത് കെ. വേണു ഒളിവിലാണ്. ജാതി, സ്ത്രീധന രഹിത വിവാഹത്തിന്റെ മാതൃകയായിരുന്നു അത്. ഒളിവിലായിരുന്ന നേതാവിന്റെ വിവാഹം സംബന്ധിച്ച് രഹസ്യപോലീസിനു പോലും ഒരു വിവരവും ലഭിച്ചിരുന്നില്ല. രാത്രിയില്‍ ഗറില്ലാപോരാളികളുടെ സംരക്ഷണയില്‍ നടന്ന ആ വിവാഹത്തെക്കുറിച്ച് പിറ്റേദിവസമാണ് ലോകമറിയുന്നത്. പാര്‍ട്ടി അംഗത്വമുണ്ടായിരുന്ന മണിച്ചേച്ചി വിവാഹാനന്തരം പാര്‍ട്ടിയുടെ ഭാഗം തന്നെയായി മാറി. സ്ത്രീവിമോചന, മനുഷ്യാവകാശപ്രസ്ഥാനങ്ങളുമായി ഐക്യപ്പെട്ട പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. എഴുത്തുകാരനും ചിന്തകനും പ്രഭാഷകനുമായ വേണുവിന്റെ ജീവിതപങ്കാളിയെന്ന നിലയില്‍ ജീവിക്കുമ്പോഴും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല.
കേരളത്തിനകത്തും പുറത്തും നിന്നുള്ള എത്രയോ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരാണ് അവരുടെ അതിഥിയായിട്ടുള്ളത്. എന്നാല്‍ വേണുവിന്റെ പിന്മാറ്റത്തോടെയും പ്രസ്ഥാനത്തിന്റെ ശിഥിലീകരണത്തോടെയും അവരും പതുക്കെ പൊതുരംഗത്തുനിന്നും നിഷ്‌ക്രമിച്ചു. കേരളത്തിലെ സാമൂഹിക രാഷ്ട്രീയചലനങ്ങളില്‍ തന്റേതായ ചെറിയൊരിടം സ്ഥാപിച്ചുകൊണ്ടാണ് അവര്‍ വിടപറഞ്ഞത്. സമര പുളകത്തിന്റെ തീക്കനൽ പോലെ ജ്വലിക്കുന്ന നക്ഷത്രം ആകട്ടെ ഇനി അവർ.

Leave a Comment